പാലക്കാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ സംഭവത്തില്‍ പരാതി നല്‍കി യുവമോര്‍ച്ച. പാലക്കാട് യുവമോര്‍ച്ച ജില്ലാ അധ്യക്ഷനായ പ്രശാന്ത് ശിവനാണ് കസബ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ലെന്നിരിക്കെ ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്, മുന്‍ എം.എല്‍.എ വി.ടി ബല്‍റാം എന്നിവരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയും ഇത് ചോദ്യം ചെയ്ത യുവാവിനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍, മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നായിരുന്നു രമ്യ ഹരിദാസ് നല്‍കിയ വിശദീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹോട്ടലില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ എം.പിക്കൊപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്തിരുന്നു. എന്നാല്‍, യുവാവ് തന്റെ കയ്യില്‍ കടന്നുപിടിച്ചതിനാലാണ് പ്രവര്‍ത്തകന്‍ പ്രതികരിച്ചതെന്നും യുവാവിനെതിരെ പരാതി നല്‍കുമെന്നും രമ്യ ഹരിദാസ് പിന്നീട് പ്രതികരിച്ചു.
Post Your Comments