ഗുവാഹത്തി: ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാൺ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശ്‌നത്തെ കുറിച്ച് പ്രധാനമന്ത്രി മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിൽ അസം റൈഫിൾ നടത്തുന്ന ഗ്രീൻ സോഹ്റ പ്ലാന്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. കാർബൺ പുറംതള്ളൽ കുറയ്ക്കുന്ന സൗജന്യ ഗ്യാസ് ഉൾപ്പെടെ നിരവധി പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശമാണ് ചിറാപുഞ്ചി എന്ന് നാം പാഠപുസ്തകത്തിൽ പഠിച്ചതാണ്. പക്ഷേ ഇപ്പോൾ ഇവിടെ നിന്ന് കുറച്ച് കിലോമീറ്റർ മാറി ഏറ്റവും കൂടുതൽ മഴ പെയ്തതായി രേഖപ്പെടുത്തി. മരങ്ങൾ മുറിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശമായി ചിറാപുഞ്ചിയെ മാറ്റിയെടുക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യുകയാണെന്നും’ അദ്ദേഹം വ്യക്തമാക്കി. 1.48 ലക്ഷം മരത്തൈ നട്ടുപിടിപ്പിച്ച് പാരാമിലിട്ടറി പ്ലാന്റേഷൻ യജ്ഞത്തിന് തുടക്കം കുറിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു.
മേഘാലയയിൽ 100 ഹെക്ടർ പ്രദേശം വനഭൂമിയാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി 50 കോടി അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കോവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസും നേതാക്കളും ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ
Post Your Comments