കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ ഉറ്റസുഹൃത്തും കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരുന്ന ആളുമായ അഴീക്കല്‍ കപ്പക്കടവിലെ റമീസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിലപാടില്‍ പൊലീസ്. ഇത് സംബന്ധിച്ച് റിപ്പോർട്ട് കസ്റ്റംസിന് നൽകും. അപകടത്തില്‍പ്പെട്ട റമീസിനെയോ കള്ളക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെയോ അറിയില്ലെന്നാണ് അപകടത്തെ തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത കാര്‍ ഉടമയായ തളാപ്പ് സ്വദേശി പി.വി അശ്വിന്റെ മൊഴി.ഓസ്ട്രേലിയയില്‍ ജോലി ചെയ്തുവരവെ അവധിക്കു വന്നതായിരുന്നു അശ്വിന്‍. ഇളയച്ഛനെ ഡോക്ടറെ കാണിച്ചുവരുമ്പോഴായിരുന്നു അപകടം.
കപ്പക്കടവ് തോണിയന്‍ ജങ്ഷനില്‍ നിന്നും ഇട റോഡിലേക്ക് കാര്‍ സിഗ്നല്‍ ലൈറ്റിട്ട് തിരിയുമ്പോഴാണ് പുറകുവശത്തു നിന്നും അതിവേഗതയിലെത്തിയ റമീസിന്റെ ബൈക്ക് കാറിന്റെ ഒരുവശത്ത് ഇടിച്ചത്. റമീസ് കാറിനെ മറികടന്നു കൊണ്ടു തെറിച്ചു വീണുവെന്നും അശ്വിന്‍ പറഞ്ഞു.അശ്വിന്റെ കണ്ണിനു സമീപത്തും മുറിവേറ്റു. നാല് തുന്നലിടേണ്ടി വന്നു. ചുമല്‍ ഉളുക്കിയിട്ടുമുണ്ട്. അസുഖത്തെ തുടര്‍ന്ന് രണ്ടുകാലും മുറിക്കേണ്ടി വന്ന ഇളയച്ഛനാണ് മുന്‍സീറ്റില്‍ ഇടതുവശത്തിരുന്നത്. സുഹൃത്ത് പ്രശോഭ്, ഇളയമ്മ, ഇളയച്ഛന്റെ സുഹൃത്ത് സലാം എന്നിവരും കൂടെയുണ്ടായിരുന്നു.
സലാമിനെ അഴീക്കോട് കപ്പക്കടവിലെ വീട്ടിലേക്ക് ഇറക്കുന്നതിനു വേണ്ടിയാണ് തിരിഞ്ഞതെന്നും അശ്വിന്‍ പൊലിസിന് മൊഴി നല്‍കി. പൊലിസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലും ഈക്കാര്യം തന്നെയാണുള്ളത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ റമീസിനെയും ചില്ല് തെറിച്ചു പരുക്കേറ്റ അശ്വിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ചോദ്യം ചെയ്യാനിരിക്കെ അപകടത്തില്‍ മുഖ്യകണ്ണികളിലൊരാളായ റമീസ് കൊല്ലപ്പെട്ടതാണ് കസ്റ്റംസിനെ സംശയത്തിലാക്കിയത്.
Post Your Comments