
തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയുമായി നിരവധി കുക്കറി ഷോകൾ നടത്തിയ ലക്ഷ്മി നായർ രംഗത്ത്. വസ്ത്രത്തിന്റെ പേരിലും കുടുംബത്തില്‍ ഇരിക്കാതെ നാടുകളിൽ കറങ്ങിനടക്കുന്നതിന്റെ പേരിലും നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി തുറന്നു സംസാരിക്കുന്നത്.
കുക്കിംഗ് ഒരു പാഷനായിരുന്നുവെങ്കിലും കുക്കറിയിലേക്ക് പൂർണമായും മാറുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ലക്ഷ്മി പറയുന്നു. ജേർണലിസം മേഖലയിലേക്ക് പോകണമെന്ന് പണ്ട് ആഗ്രഹമുണ്ടായിരുന്നു. കൈരളിയിൽ കുക്കറി ഷോ തുടങ്ങിയ സമയത്ത് ആദ്യ രണ്ട് ദിവസങ്ങളിൽ മേക്കപ്പ് ഒന്നും ഇട്ടിരുന്നില്ല. ചിലർക്ക് ഡ്രസ്സ് കാണാനായിരിക്കും താൽപ്പര്യം, ചിലർക്ക് നല്ല നല്ല പാത്രങ്ങളോടായിരിക്കും താൽപ്പര്യം. അങ്ങനെയാണ് ഇതിലൊക്കെ പലതും ശ്രദ്ധിച്ച് തുടങ്ങിയത്.
‘ഭര്‍ത്താവിനും മക്കള്‍ക്കും ഒന്നും കൊടുക്കാതെ ഇവരിങ്ങനെ നാട് കറങ്ങി നടക്കുകയാണ്’ എന്ന കമന്റുകള്‍ക്കും ലക്ഷ്മി നായര്‍ മറുപടി പറയുന്നു. അങ്ങനെ ഒരു കമന്റ് വരുന്നത് അവര്‍ക്കതിന്റെ യഥാര്‍ഥ വശം അറിയില്ലാത്തത് കൊണ്ടാണ്. സ്ഥിരമായി യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണെന്നാണ് എല്ലാവരുടെയും വിചാരം. ഒരു വര്‍ഷം മുഴുവന്‍ ഇന്ത്യയിലൂടെ കറങ്ങി നടക്കുകയാണ് എന്നാണു അവരുടെ ചിന്ത. അപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യം ആരാണ് നോക്കുന്നത് എന്നൊക്കെയാണ് പലരുടെയും ചോദ്യങ്ങള്‍. ‘ഇത് മാത്രമല്ല ഭര്‍ത്താവ് കൂടെ വരാറുണ്ടോ, ഒറ്റയ്ക്കാണോ പോവുന്നത്’? എന്നൊക്കെയുള്ള ചോദ്യങ്ങൾക്കും ലക്ഷ്മി മറുപടി പറയുന്നു.
‘ഭര്‍ത്താവിന് വേറെ പണിയില്ലേ? അദ്ദേഹത്തിന്റെ കരിയര്‍ നോക്കാതെ പുള്ളിയ്ക്ക് എന്റെ പുറകേ നടന്നാല്‍ മതിയോ വാല് പിടിച്ചപോലെ. അപ്പോൾ അദ്ദേഹത്തിന്റെ ജീവിതം എന്താകും? ഭാര്യ മാത്രം വളര്‍ന്നാല്‍ പോരല്ലോ. അദ്ദേഹത്തിന്റെ ലൈഫും ഉയരണമല്ലോ. ഇതൊക്കെയാണ് പരസ്പര ബഹുമാനം എന്ന് പറയുന്നത്. അത് എല്ലാർക്കും മനസിലാകണമെന്നില്ല. ആൾക്കാരുടെ കാഴ്‌ചപ്പാട് വേറെയാണ്. അതൊന്നും മൈൻഡ് ആക്കാൻ നിക്കാറില്ല. എനിക്ക് ഭര്‍ത്താവിന്റെയും മക്കളുടെയുമൊക്കെ പിന്തുണ ലഭിച്ചിട്ടാണ് പോവുന്നത്. മാസത്തില്‍ ഒരു പത്ത് ദിവസമൊക്കെയേ ട്രാവല്‍ ഉണ്ടാവുകയുള്ളു. ബാക്കി ദിവസം വീട്ടില്‍ ഇരിക്കുകയാണ്. കുട്ടികളൊക്കെ പ്രായമായതിന് ശേഷമാണ് ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയത്. എപ്പോഴും ഭര്‍ത്താവിനെ ആശ്രയിക്കാതെ ജീവിക്കണം എന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്’, ലക്ഷ്മി നായർ പറയുന്നു.
Post Your Comments