കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചു. ഐ.എം.എ. ഡോ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.
അതേസമയം അനന്യയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അവരുടെ ആരോപണം എല്ലാം ശരിവെക്കുന്നതാണ്. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം റിപ്പോര്‍ട്ടിലുണ്ട്. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച പോലീസിന് കൈമാറി. ചികിത്സാ പിഴവ് സംഭവിച്ചു എന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി പോലീസ് സംസാരിക്കും. തിങ്കളാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി വിശദമായി വിവരങ്ങള്‍ തേടാനാണ് തീരുമാനം. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പോലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിയാകും ഡോക്ടര്‍ അര്‍ജുനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുക. ഇതിനിടെ അനന്യകുമാരി അലക്‌സിന്റെ പങ്കാളിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം സ്വദേശി ആറ്റുവരമ്പത്ത് ജിജു രാജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കുടത്തെ സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആദ്യം കണ്ടതും ജിജുവായിരുന്നു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ജിജുവില്‍ നിന്നും പോലീസ് മൊഴിയെടുത്തിയിരുന്നു. വരുംദിവസങ്ങളില്‍ ജിജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ജീവനൊടുക്കിയത്.
Post Your Comments