ആലപ്പുഴ: ചേർത്തലയിൽ വ്യവസായശാല പൂട്ടിച്ച് കെ.എസ്.ഇ.ബി. വൈദ്യുതി കുടിശ്ശികയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചെങ്കിലും താഴെത്തട്ടിൽ തീരുമാനം നടപ്പാകാത്തതിന്റെ ഇരയാണ് സോഫൈൻ ഇൻഡസ്ട്രീസ് ഉടമ കെ.ജെ. സ്കറിയ. നൂറിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സോഫൈൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ഇന്ന് അടച്ചുപൂട്ടിക്കിടക്കുകയാണ്, ലക്ഷങ്ങളാണ് ഉടമയ്ക്ക് നഷ്ടം. മുൻനിര കാറുകളുടെ ഉൾപ്പെടെ വിവിധ തരം മാറ്റുകൾ നിർമിച്ചിരുന്ന സ്ഥാപനമാണിത്. മികച്ച നിലയിൽ ബിസിനസ് പുരോഗമിച്ചതോടെ വിദേശ കയറ്റുമതിക്കയടക്കമുള്ള ബിസിനസ് വിപുലീകരണത്തിന് സ്ഥാപന ഉടമ കെ.ജെ.സ്കറിയ തയ്യാറെടുക്കുമ്പോൾ ആണ് കൊവിഡ് എത്തിയത്.
മാസങ്ങളായി അടച്ചിട്ട ഫാക്ടറിക്കുള്ളിലെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത് നോക്കിനിൽക്കാൻ മാത്രമേ ഇപ്പോൾ സ്കറിയയ്ക്ക് കഴിയുന്നുള്ളൂ. വർഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികളിൽ ചിലർ ഇടയ്ക്ക് എത്തും. എന്നെങ്കിലും ഫാക്ടറി തുറക്കുമെന്ന പ്രതീക്ഷയിൽ. നാല് ലക്ഷം രൂപയ്ക്കടുത്ത് വൈദ്യുതി കുടിശ്ശിക വന്നത്. മഹാമാരി കാലത്ത് കുടിശ്ശിക തീർക്കാൻ തവണ വ്യവസ്ഥ ഉൾപ്പെടെ ഇളവ് ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് കേട്ട് ചേർത്തലയിലെ കെ.എസ്.ഇ.ബി. ഓഫീസിലെത്തി സ്കറിയ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് മാത്രമല്ല, വൈദ്യുതി കണക്ഷനും അന്നു തന്നെ വിച്ഛേദിച്ചു.
കുടിശ്ശിക പലിശ സഹിതം അടയ്ക്കാൻ താൻ തയ്യാറാണെന്നും ഗഡുക്കളായോ മറ്റോ അടയ്ക്കാനുള്ള സൗകര്യം വേണമെന്നും സ്കറിയ ആവശ്യപ്പെട്ടു. എന്നാൽ ചേർത്തല എക്സിക്യൂട്ടീവ് എൻജിനീയർക്ക് കുടിശ്ശിക മൊത്തം തീർക്കണമെന്ന് പിടിവാശിയായിരുന്നു. സ്ഥാപനം തുറക്കാനായി പലവഴിക്കോടിയ സ്കറിയ കൊവിഡ് പൊസിറ്റീവായ സമയത്ത് കെ.എസ്.ഇ.ബി. വൈദ്യുതി കട്ട് ചെയ്തു.
Post Your Comments