കോഴിക്കോട് : കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളെ പൊലീസ് കണ്ടെത്തി. ബംഗളൂരു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ട് തന്നെയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇയാള്‍ കോഴിക്കോട്ടെ കേസിലും പ്രതിയാകും. ഇബ്രാഹിമിനെ കോടതിയില്‍ ഹാജരാക്കാനായി ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. രണ്ടിടങ്ങളിലെയും എക്‌സ്‌ചേഞ്ചുകള്‍ക്ക് പിന്നില്‍ ഒരേസംഘമാണെന്ന് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Read Also : പെരിയ ഇരട്ടകൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ ജോലി രാജിവെച്ചു
പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെയടക്കം ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ ബംഗളൂരു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുഖ്യപ്രതിയാണ് മലപ്പുറം സ്വദേശിയായ ഇബ്രാഹിം പുല്ലാട്ടില്‍. ഇയാള്‍തന്നെയാണ് കോഴിക്കോട് ഏഴിടങ്ങളിലായി പ്രവര്‍ത്തിച്ച സമാന്തര എക്‌സേഞ്ചുകളുടെയും പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ശനിയാഴ്ച കോഴിക്കോട്ടെത്തുന്ന ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഇബ്രാഹിമിനെ കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യാനായി ഇബ്രാഹിമിനെ കസ്റ്റഡിയില്‍ വാങ്ങും. ബംഗളൂരുവിലും കോഴിക്കോടും തെളിവെടുപ്പും നടത്തും. കോഴിക്കോട് നിന്നും അറസ്റ്റിലായി ഇപ്പോള്‍ ജയിലിലുള്ള നല്ലളം സ്വദേശി ജുറൈസിനെ കൂടാതെ ചാലപ്പുറം സ്വദേശി ഷബീറും കേസില്‍ പ്രതിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അതേസമയം കേസ് വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതികളുമായി ബന്ധമുള്ള കേരളത്തിലെ നിരവധിപേര്‍ ഒളിവില്‍ പോയിട്ടുണ്ടെന്നും സംസ്ഥാനത്ത് മറ്റിടങ്ങളിലും സമാന്തര എക്‌സ്‌ചേഞ്ചുകള്‍ നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ഉദ്യോസ്ഥര്‍ വെളിപ്പെടുത്തി.
Post Your Comments