കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ജില്ല പിടിച്ചെടുത്തത് ആഘോഷിച്ചത് നൂറ് പേരെ കൊലപ്പെടുത്തി. കണ്ഡഹാറിൽ സ്പിൻ ബോൾഡക് ജില്ല പിടിച്ചെടുത്ത ശേഷം താലിബാൻ നൂറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ജില്ല പിടിച്ചെടുത്തതിന് പിന്നാലെ സാധാരണക്കാരായ അഫ്ഗാനികളുടെ വീടുകൾ കൊള്ളയടിക്കുകയും ജനങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, താലിബാൻ ഈ വാർത്തനിഷേധിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെയാണ് താലിബാൻ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത്. പാകിസ്ഥാനിൽ നിന്നും താലിബാന് അളവറ്റ പിന്തുണയാണ് ലഭിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങൾ വളരെ വേഗത്തിൽ താലിബാൻ കീഴടക്കി. ഇപ്പോൾ താജിക്കിസ്ഥാൻ പാകിസ്ഥാൻ എന്നിവിടങ്ങളുമായുമുള്ള അഫ്ഗാൻ അതിർത്തി നിയന്ത്രിക്കുന്നത് താലിബാനാണ്.
അതേസമയം, രാജ്യത്തിൻറെ 90 ശതമാനം അതിർത്തിയും തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്നാണ് താലിബാന്റെ അവകാശം. അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗത്ത് നിന്നും താലിബാന്റെ ക്രൂരതകളെ കുറിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രദേശവാസികളെ നിർബന്ധമായി റിക്രൂട്ട് ചെയ്യുകയും പണം പിരിക്കുകയും ചെയ്യുന്നുണ്ടെന്നും വരുമാനത്തിന്റെ ഒരു ഭാഗം താലിബാന് നൽകണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. തുക നൽകാനുള്ള ശേഷിയില്ലാത്ത ആളുകളെ ശാരീരികമായി ദ്രോഹിക്കുകയും സ്ത്രീകളെ ബലാൽസംഘം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments