ശ്രീനഗര്‍ : ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്താന്റെ ചൈനീസ് ഡ്രോണുകള്‍. ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൈനീസ് നിര്‍മ്മിതമായ ഡ്രോണാണ് ഭീകരര്‍ ഉപയോഗിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. രണ്ട് ദിവസം മുമ്പ് സത്വാരിയില്‍ നിന്നും സംശയാസ്പദമായ നിലയില്‍ മറ്റൊരു ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ അവസാനം ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യ മുന്‍കരുതലുകള്‍ ശക്തമാക്കിയത്.
രാജ്യ തലസ്ഥാനത്ത് ഡ്രോണുകളെ കൈകാര്യം ചെയ്യുന്നതിന് എന്‍ എസ് ജി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ അതിര്‍ത്തിയിലും ലഭ്യമാക്കുകയാണ് ആദ്യ നടപടിയായി കൈക്കൊണ്ടത്. ഇതോടെയാണ് ഡ്രോണുകള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിക്കുമ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാനാവുന്നത്.
ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ തദ്ദേശീയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പുറമേ നമ്മുടെ അതിര്‍ത്തികളെ ശല്യപ്പെടുത്താന്‍ തുനിഞ്ഞാല്‍ അതേ നാണയത്തില്‍ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും അമിത് ഷാ പാകിസ്ഥാന് നല്‍കിയിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധ കടത്ത് നിരവധി തവണ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 16 എകെ 47 റൈഫിളുകള്‍, 3 എം 4 റൈഫിളുകള്‍, 34 പിസ്റ്റളുകള്‍, 15 ഗ്രനേഡുകള്‍, 18 ഐഇഡികള്‍, 4 ലക്ഷം രൂപ എന്നിവ ഡ്രോണ്‍ ഉപയോഗിച്ച് അതിര്‍ത്തി കടത്തുന്നതിനിടെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
Post Your Comments