തൃശൂര്‍: കരുവന്നൂരിലേത് വായ്പയ്ക്ക് അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ലാത്തവർക്കും ലോൺ നൽകിയ തന്ത്രം. ഇക്കാലത്ത് ബാങ്ക് ലോണ്‍ കിട്ടാനുള്ള നൂലാമാലകള്‍ ഏറെയാണ്. ഇതിനിടെയാണ് അപേക്ഷിക്കാത്തവരുടെ പേരിൽ ലോൺ. ലോണിന് അപേക്ഷിക്കാത്ത 5 പേര്‍ക്കും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു വായ്പ കിട്ടി. അതും 50 ലക്ഷം രൂപ വീതം. ശിവരാമന്‍, അരവിന്ദാക്ഷന്‍, രമണി, നിഷ, ശ്രീദീപ് എന്നീ പേരുകള്‍ മാത്രമേ ബാങ്ക് രേഖകളിലുള്ളൂ.
ഈ പേരുകള്‍ മറയാക്കി പ്രതികള്‍ തന്നെ ബാങ്കില്‍ നിന്നു പണം തട്ടി എന്നാണ് വിലയിരുത്തല്‍. പ്രതിചേര്‍ക്കപ്പെട്ട മുന്‍ മാനേജര്‍ തനിച്ചാണ് പല വായ്പകളും അനുവദിച്ചത്. 16 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കിയത് അപേക്ഷ മാത്രം പരിഗണിച്ചാണെങ്കില്‍ 5 വായ്പകള്‍ പാസാക്കിയത് അപേക്ഷ പോലുമില്ലാതെയാണ്. ഈടു പോലും വേണ്ട! ബാങ്ക് രേഖകളില്‍ 50 ലക്ഷത്തോളം രൂപ വായ്പയെടുത്തതായി പരാമര്‍ശിക്കപ്പെടുന്ന പലരും അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത് ഒന്നുമറിയില്ലെന്ന വിവരം.
ഇതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ നിക്ഷേപത്തട്ടിപ്പു കേസില്‍ കേന്ദ്ര ഇടപെടല്‍ തുടങ്ങി. ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ഇഡി പൊലീസിനോട് അന്വേഷിച്ചു.
ഇതിന് പിന്നാലെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ് ഇറങ്ങിയത്. പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടണമെന്നു റൂറല്‍ പൊലീസ് മേധാവി ഡിജിപിയോടു ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments