അഹമ്മദാബാദ്: കൃത്രിമ ഗർഭധാരണത്തിനായി കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലുള്ള ഭർത്താവിന്റെ ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ പരാതിയിൽ ഹൈക്കോടതിയുടെ അനുകൂലവിധി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ച കോടതി ബീജം ശേഖരിക്കുന്നതിനായി വഡോദരയിലുള്ള ആശുപത്രിക്ക് നിർദേശം നൽകി.
ഒരുവർഷം മുമ്പ് വിവാഹിതയായ പരാതിക്കാരിയുടെ ഭർത്താവിന് ഈയിടെ കോവിഡ് ബാധിച്ച് അവയവങ്ങൾ പലതും തകരാറിലാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതേതുടർന്ന് തനിക്ക് ഭർത്താവിന്റെ കുഞ്ഞിനെത്തന്നെ ഗർഭം ധരിക്കണമെന്ന് ഭാര്യ അറിയിച്ചു. ഐ.വി.എഫ്, എ.ആർ.ടി വഴി ബീജം ശേഖരിക്കണമെങ്കിൽ ദാതാവിന്റെ സമ്മതം ആവശ്യമാണെന്നാണ് നിയമം.
അതേസമയം, രോഗി അബോധാവസ്ഥയിലായതിനാൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ബീജം ശേഖരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുമതിയെത്തുടർന്ന് ബീജം ശേഖരിച്ച് ആശുപത്രിയിൽ സൂക്ഷിക്കാമെങ്കിലും തുടർനടപടികൾ ഹർജിയുടെ അന്തിമതീർപ്പിന് വിധേയമായിരിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോടും ആശുപത്രി ഡയറക്ടറോടും കോടതി വിശദീകരണം തേടി.
Post Your Comments