ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ നീക്കം ശക്തമാക്കി ചൈന. ഉത്തരാഖണ്ഡിലെ ബരഹോതി പ്രദേശത്ത് ചൈന സൈനിക വിന്യാസം ശക്തമാക്കി. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 40 ഓളം സൈനികരെ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതായി കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പുതിയ സാഹചര്യത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇതിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഇന്ത്യ ഒരുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബരഹോതിക്ക് സമീപമുള്ള വ്യോമതാവളത്തിലും ചൈന പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നിരവധി ഡ്രോണുകളും ഹെലികോപ്റ്ററുകളും പ്രവര്‍ത്തിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഡാക്കിലേത് പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരാഖണ്ഡില്‍ തങ്ങളുടെ സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതുകൂടാതെ പ്രദേശത്ത് കൂടുതല്‍ ട്രൂപ്പുകളേയും അയച്ചതായും വിവരമുണ്ട്. ചൈന നേരത്തേ തന്നെ അവകാശവാദം ഉന്നയിച്ച പ്രദേശമാണ് ബരഹോതി.
ഉത്തരാഖണ്ഡിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്ര മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ അടുത്തിടെ പ്രതിരോധ മേധാവി ജനറല്‍ ബിപിന്‍ റാവത്തും സെന്‍ട്രല്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ വൈ ഡിമ്രിയും അവലോകനം ചെയ്തിരുന്നു.
Post Your Comments