ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കരുത്തായി മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി സഞ്ചരിച്ചാണ് റഫേലുകള്‍ രാജ്യത്ത് പറന്നിറങ്ങിയത്. വൈകുന്നേരത്തോടെയാണ് മൂന്ന് വിമാനങ്ങളും ഇന്ത്യയിലെത്തിയത്.
ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള യാത്രാമധ്യേ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സഹായത്തോടെ വായുവില്‍ നിന്നുകൊണ്ട് തന്നെ വിമാനങ്ങളില്‍ ഇന്ധനം നിറച്ചിരുന്നു. യുഎഇ നല്കുന്ന പിന്തുണയ്ക്ക് ഇന്ത്യന്‍ വ്യോമസേന നന്ദി പറഞ്ഞു. പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാം സ്ക്വാഡ്രന്റെ ഭാഗമായാകും ഇവ പ്രവര്‍ത്തിക്കുക.
ഈ മാസം അവസാനത്തോടെ രണ്ടാം സ്ക്വാഡ്രണ്‍ പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒരു സ്ക്വാഡ്രണില്‍ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്. നിലവില്‍ 24 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഫ്രാന്‍സ് കൈമാറിയിരിക്കുന്നത്. 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ളത്. ബാക്കിയുള്ള വിമാനങ്ങള്‍ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments