ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പരിപാടിയായിരുന്നു പിഎം കിസാന്‍ സ്‌കീം. ഓരോ വര്‍ഷവും രാജ്യത്തെ കര്‍ഷകന് 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് പദ്ധതി. കോടിക്കണക്കിന് രൂപയാണ് പദ്ധതിയുടെ ഭാഗമായി കൈമാറിയത്. രാജ്യത്തെ ഓരോ കര്‍ഷകനും 6000 രൂപ പ്രതിവര്‍ഷം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് പിഎം കിസാന്‍ സ്‌കീം. 2000 രൂപ വീതം മൂന്ന് തവണയായിട്ടാണ് ട്രാന്‍സ്ഫര്‍ ചെയ്യുക. ആദായ നികുതി ഒടുക്കാത്ത കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ പണം നല്‍കിയിരുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള പ്രധാന മാനദണ്ഡവും ഇതുതന്നെയായിരുന്നു.
എന്നാല്‍ പദ്ധതിയില്‍ അനര്‍ഹര്‍ ഏറെ കടന്നുകൂടിയെന്നും 3000 കോടിയോളം രൂപ ഇവര്‍ക്ക് ലഭിച്ചെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 2990 കോടി രൂപ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും 42.16 ലക്ഷം അയോഗ്യരായ കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ പണം കിട്ടിയെന്നും മന്ത്രി പറയുന്നു.
അസമിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി പദ്ധതിയിലൂടെ പണം കൈവശപ്പെടുത്തിയത്. 8.35 ലക്ഷം പേര്‍ പണം കൈവശപ്പെടുത്തി എന്നാണ് കണ്ടെത്തിയത്. തമിഴ്നാട്ടില്‍ 7.22 ലക്ഷം പേര്‍, പഞ്ചാബില്‍ 5.62 ലക്ഷം പേര്‍, മഹാരാഷ്ട്രയില്‍ 4.45 ലക്ഷം പേര്‍, ഉത്തര്‍ പ്രദേശില്‍ 2.65 ലക്ഷം പേര്‍, ഗുജറാത്തില്‍ 2.36 ലക്ഷം പേര്‍ എന്നിങ്ങനെയാണ് അനധികൃതമായി പണം കിട്ടിയവരുടെ കണക്ക്.
അസമില്‍ നിന്ന് 554 കോടി രൂപ തിരിച്ചുപിടിക്കണം. പഞ്ചാബില്‍ നിന്ന 437 കോടി, മഹാരാഷ്ട്രയില്‍ നിന്ന് 358 കോടി, തമിഴ്നാട്ടില്‍ നിന്ന് 340 കോടി, യുപിയില്‍ നിന്ന് 258 കോടി, ഗുജറാത്തില്‍ നിന്ന് 220 കോടി തിരിച്ചുപിടിക്കണം. യോഗ്യതയുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞവര്‍ക്കാണ് പണം നല്‍കിയത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ആദായ നികുതി അടയ്ക്കുന്നവരും പണം കൈപ്പറ്റിയെന്ന് കണ്ടെത്തി.
പദ്ധതി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ ചില സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റിനെ അറിയിച്ചു. പദ്ധതിയിലൂടെ പണം ലഭിക്കുന്നവര്‍ യോഗ്യരാണ് എന്ന് ഉറപ്പാക്കും. ഇതിന് ആധാര്‍, പാന്‍കാര്‍ഡ്, ആദായ നികുതി വിവരങ്ങള്‍ എന്നിവ ഒത്തുനോക്കും. നിരവധി സംസ്ഥാനങ്ങള്‍ അനര്‍ഹമായി പണം കിട്ടിയവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
മോദി സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ എട്ട് മാസമായി സമരം തുടരവെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments