അഹമ്മദാബാദ് : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയിൽ നിന്ന് കൃത്രിമ ഗര്‍ഭധാരണത്തിന് ആവശ്യമായ ബീജം സാംപിള്‍ ശേഖരിക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആവശ്യവുമായി ഭാര്യ നൽകിയ ഹർജിയിലാണ് തീരുമാനം. ഇദ്ദേഹം രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
അസാധാരണമായ അടിയന്തര സ്ഥിതിയായി കണ്ടാണ് ഹൈക്കോടതി ഇക്കാര്യത്തിൽ ഉത്തരവിട്ടത്. ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് കൃത്രിമ ഗർഭധാരണത്തിന് വേണ്ട സാംപിൾ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും ആശുപത്രിക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഐവിഎഫിലൂടെ ഭർത്താവിൽ നിന്ന് ഗർഭം ധരിക്കണമെന്ന് യുവതി ആശുപത്രി അധികൃതരെ മുൻപ് അറിയിച്ചിരുന്നെങ്കിലും കോടതി വിധി ഉണ്ടെങ്കിലെ അനുവാദം നൽകാനാകൂ എന്നായിരുന്നു പ്രതികരണം. ഇതേതുടർന്നാണ് അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
Post Your Comments