തൊടുപുഴ: ജലാശയങ്ങളില്‍നിന്ന് സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിക്ക് വനംവകുപ്പിന്റെ കുരുക്ക്. പദ്ധതി നടപ്പിലാക്കിയാൽ പരിസ്ഥിതിയ്ക്ക് ആഘാതമേൽക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. പദ്ധതിക്കായി ഒരുക്കുന്ന അനുബന്ധ സംവിധാനങ്ങള്‍ പരിസ്ഥിതിയെയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ചെറുകിട ഡാമുകളില്‍ ജലനിരപ്പില്‍ പൊങ്ങിക്കിടക്കുന്ന സൗര പാനലുകള്‍ സ്ഥാപിച്ച് സൂര്യപ്രകാശത്തില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതാണ് പദ്ധതി. വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്ന് നൂറ് മെഗാവാട്ടും ഇടുക്കി ജില്ലയിലെ അഞ്ചുരുളി, ചെറുതോണി അണക്കെട്ടുകളില്‍നിന്ന് 125 മെഗാവാട്ടും ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.
ടെന്‍ഡര്‍ വഴി തെരഞ്ഞെടുക്കുന്ന ഏജന്‍സികള്‍ ഇൗ രീതിയില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത നിരക്കില്‍ കെ.എസ്.ഇ.ബി വാങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഒമ്പത് കോടി രൂപ ചെലവില്‍ 500 കിലോവാട്ടിന്റെ പദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായിരുന്നു ഇത്. എന്നാല്‍, ഇവിടെ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുന്നതിന് പിന്നീട് സാധ്യതാ പഠനം നടന്നില്ല. ചെറുതോണി, അഞ്ചുരുളി ഡാമുകളില്‍ പദ്ധതി നടപ്പാക്കുന്നതിന് വനം വകുപ്പ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി സബ്സ്റ്റേഷനുകളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നത് വനമേഖലയെയും ആനത്താരകളെയും ദോഷകരമായി ബാധിക്കുമെന്നാണ് വനംവകുപ്പിന്റെ വാദം.
Read Also: കാഷ്മീരില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവർക്ക് രക്ഷകരായി എയര്‍ഫോഴ്സ്
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനം, വൈദ്യുതി മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അടുത്തിടെ ഉന്നതതല യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല. കെ.എസ്.ഇ.ബിക്ക് പുറമെ ജലസേചന വകുപ്പിന് കീഴിലുള്ള ജലാശയങ്ങളിലും പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ജലസേചന വകുപ്പിന് കെ.എസ്.ഇ.ബി കത്ത് നല്‍കിയിരുന്നു. കോടികള്‍ മുടക്കി ജലാശയങ്ങളില്‍നിന്ന് സൗര പാനലുകള്‍ വഴി വൈദ്യുതി ഉല്പാദിപ്പിച്ചാലും തിരക്കേറിയ സമയങ്ങളിലെ കേരളത്തിന്റെ ആവശ്യത്തിന് തികയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Post Your Comments