തിരുവനന്തപുരം: 1984 ൽ രൂപം കൊണ്ട വിശ്വഹിന്ദ് പരിഷത്ത് എന്ന സംഘടനയുടെ യുവജന പ്രസ്ഥാനമാണ് ബജ്റംഗദൾ. രാജ്യത്ത് എല്ലായിടത്തും ഇന്ന് ഈ സംഘടന ശക്തി പ്രാപിച്ചെന്നു തന്നെ പറയാം. കേരളത്തിലും ഒരു കാലത്ത് ശക്തമായ പ്രവർത്തനങ്ങളുമായി സംഘടന മുന്നിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ സംഘടന പ്രവർത്തനങ്ങളിൽ പിന്നാക്കം പോവുകയും സംഘടനയുടെ വേരോട്ടം കേരളത്തിൽ മന്ദീഭവിക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ സംഘപരിവാറിൻ്റെ തീരുമാനം നിർജീവമായ ഈ സംഘടനയെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ്.
അതിൻ്റെ ഭാഗമായി വത്സൻ തില്ലങ്കേരിയെ ഹിന്ദു ഐക്യവേദിയുടെ വർക്കിങ് പ്രസിഡൻ്റായി ചുമതല നൽകിയിരുന്നു. കണ്ണൂരിലെ കരുത്തനായ ആര്‍എസ്എസ് നേതാവ് ആയ വത്സൻ തില്ലങ്കേരി ആയിരിക്കും ഇനി ഹിന്ദു ഐക്യവേദിയുടെ സാരഥി. വിരുദ്ധ ചേരികളിൽ നിൽക്കുന്ന സാമുദായിക സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള നീക്കമാണ് വത്സൻ തില്ലങ്കേരിയിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ഒപ്പം തന്നെ ബജ്റംഗദളിനെ അതിശക്തമായി തന്നെ കേരളത്തിൽ പുന:സംഘടിപ്പിക്കാനും ആർ.എസ്.എസ് ലക്ഷ്യം വെച്ചിരിക്കുകയാണ്. മാത്രമല്ല കേരളത്തിൽ ഹിന്ദു സംസ്ക്കാരത്തിനു നേരെ നടക്കുന്ന അക്രമങ്ങൾക്ക് നേരെ പോരാടാൻ സംഘടനയെ മുന്നിട്ടിറക്കാനാണ് ആർ.എസ്.എസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇനി മുതൽ ഇത്തരത്തിൽ ഉള്ള അക്രമങ്ങൾക്കു നേരെ കേരളത്തിൽ ശക്തമായ പോരാട്ടം നയിക്കുക ബജ്റംഗ്ദൾ ആയിരിക്കും.
ഇതിൻ്റെ ഭാഗമായി ബജ്റംഗ ദളിന് എല്ലാ പഞ്ചായത്തിലും മണ്ഡലത്തിലും ശക്തമായി തന്നെ രൂപം കൊടുക്കും. സംഘടന ശക്തിപ്പെടുത്തുകയാണ് തീരുമാനം. രാജേഷ് പാണ്ഡെയാണ് ബജ്റംഗ്ദളിൻ്റെ ദേശീയ പ്രസിഡൻ്റ്. സംഘടനയുടെ പുതിയ യൂണിറ്റുകൾ കേരളത്തിലെ ഓരോ മണ്ഡലം അടിസ്ഥാനപ്പെടുത്തിയും പഞ്ചായത്തുകൾ ലക്ഷ്യം വെച്ചും തുടങ്ങാനാണ് പദ്ധതിയിടുന്നത്. സംഘടന കേരളത്തിൽ ഉടൻ തന്നെ തുടങ്ങാനാണ് ആർ.എസ്.എസിൻ്റെ ലക്ഷ്യം.
Post Your Comments