കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊളംബോയിൽ നടക്കും. ജയത്തോടെ പരമ്പര നേടുകയെന്ന ലക്ഷ്യമിട്ടാണ് ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ബാറ്റിംഗിലും ബൗളിങ്ങിലും മികവ് വീണ്ടെടുത്ത് ജയം നേടാനാവും ശ്രീലങ്കയുടെ ശ്രമം. ഇന്ത്യയുടെ രണ്ടാം നിരയെന്ന് അർജുന രണതുംഗ പരിഹസിച്ചെങ്കിലും ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ആദ്യ മത്സരത്തിൽ പ്രകടമായിരുന്നു.
ഇന്ത്യൻ യുവ ബാറ്റ്സ്മാൻമാർ മികച്ച രീതിയിൽ ബാറ്റുവീശിയപ്പോൾ നായകൻ ശിഖർ ധവാൻ കരുതലും കരുത്തുമായി ക്രീസിലുറച്ചു നിന്നു. എന്നാൽ ശ്രീലങ്കയാകട്ടെ ഭേദപ്പെട്ട രീതിയിൽ സ്കോർ ചെയ്‌തെങ്കിലും ഇന്ത്യയെ സമ്മർദ്ദത്തിലാകാൻ അവർക്കായില്ല. ആദ്യ മത്സരത്തിൽ നിറം മങ്ങിയെങ്കിലും വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ പുറത്തിരിത്തുക എളുപ്പമാകില്ല. ഭുവിയെ കളത്തിന് പുറത്തിരുത്തുമ്പോൾ പേസർ നവ്ദീപ് സൈനിക്ക് നറുക്ക് വീഴും.
മലയാളി താരം സഞ്ജു സാംസൺ പരിക്ക് മാറി ആദ്യ ഇലവനിൽ കളിക്കുമെന്നാണ് റിപ്പോർട്ട്. ഇഷാൻ കിഷൻ അരങ്ങേറ്റത്തിൽ തകർത്തടിച്ചതോടെ വിക്കറ്റിന് പിന്നിൽ സഞ്ജുവിന് സ്ഥാനം ലഭിക്കില്ല. മികച്ചൊരു ഫിൽഡർ എന്ന നിലയിൽ സഞ്ജുവിന് ടീമിൽ അവസരം നൽകാൻ ദ്രാവിഡ് തയ്യാറാകുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, വലിയ നാണക്കേടിന് അരികെയാണ് ലങ്കൻ സംഘം. ഇന്ന് കൂടി തോറ്റാൽ ഈ വർഷം ശ്രീലങ്ക അടിയറവുപറഞ്ഞ ഏകദിനങ്ങളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടക്കും.
Post Your Comments