KeralaLatest News

മന്ത്രി വിളിച്ചത് താക്കീതിന്റെ സ്വരത്തില്‍, മൊഴിപോലുമെടുക്കാൻ പൊലീസ് തയാറായില്ലെന്ന് പരാതിക്കാരി

കാശിന് വേണ്ടിയാണോ ബി ജെ പിയില്‍ പോയതെന്നായിരുന്നു ചോദിച്ചത്.

കൊല്ലം: എന്‍സിപി നേതാവ് പത്മാകരന്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെന്നു പരാതിക്കാരി. ബി ജെ പിയില്‍ ചേര്‍ന്നതിനെ കുറിച്ച്‌ സംസാരിക്കാന്‍ വിളിച്ച എന്‍ സി പി നേതാവ് പത്മാകരന്‍ തന്നെ കൈയില്‍ കയറിപ്പിടിച്ച്‌ അപമാനിച്ച സംഭവം മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ട് ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും പരാതിക്കാരി പറയുന്നു. പരാതിയെ കുറിച്ച്‌ വ്യക്തമായി മന്ത്രി എ കെ.ശശീന്ദ്രന് അറിയാമായിരുന്നു.

പരാതി നല്‍കുന്നതിന് മുമ്പും പിമ്പും എന്‍ സി പിയിലെ പല നേതാക്കളും വിളിച്ചു. പരാതി നല്‍കിയിട്ടും മൊഴിയെടുക്കാനോ കേസെടുക്കാനോ പൊലീസ് തയാറായില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.തന്‍റെ കുടുംബം മുഴുവന്‍ എന്‍ സി പിക്കാരാണ്. താന്‍ മാത്രമാണ് ബി ജെ പിയില്‍ ചേര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെയാണ് ഏതിര്‍പ്പ് ശക്തമായത്.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും ബി ജെ പി പ്രവര്‍ത്തനത്തില്‍ സജീവമായി. മാര്‍ച്ച ആറാം തീയതി കുണ്ടറയില്‍ വന്നപ്പോള്‍ പത്മാകരന്‍ അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. കാശിന് വേണ്ടിയാണോ ബി ജെ പിയില്‍ പോയതെന്നായിരുന്നു ചോദിച്ചത്. കാശിന് വേണ്ടിയാണെങ്കില്‍ കാശ് ഞാന്‍ തരാമെന്ന് പറഞ്ഞ് കൈയില്‍ കയറി പിടിക്കുകയായിരുന്നു.പിന്നീട് തുടര്‍ച്ചയായി തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തി.

പണം വാങ്ങിയാണ് ബി ജെ പിയില്‍ ചേര്‍ന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ഇത് രൂക്ഷമായതോടെയാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്.ജൂണ്‍ 28ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 30ന് രാവിലെ 10 മണിക്ക് കുണ്ടറ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. ഒന്‍പത് മണിക്ക് സ്റ്റേഷനിലെത്തിയെങ്കിലും കാത്തുനില്‍ക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. 11 മണിവരെ അകത്തേക്ക് വിളിപ്പിക്കാതിരുന്നപ്പോള്‍ കാര്യം തിരക്കി. 10 മണിക്ക് കക്ഷികള്‍ വന്ന് പോയി എന്നാണ് പോലീസുകാര്‍ പറഞ്ഞത്.

നിങ്ങള്‍ സ്വാധീനത്തിന് വഴങ്ങുകയാണോ എന്ന് ചോദിച്ചപ്പോള്‍ സി.ഐയോട് നേരിട്ട് തിരക്കിക്കോളൂ, നിങ്ങളോട് സംസാരിക്കേണ്ട കാര്യമില്ല എന്ന മറുപടിയാണ് പോലീസുകാര്‍ നല്‍കിയതെന്നും പരാതിക്കാരി പറയുന്നു. അന്നേ ദിവസം തന്നെ സി.ഐ സ്ഥലം മാറി പോയി. പുതിയ സിഐയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കേസ് പഠിക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്.

അച്ഛന്റെ രാഷ്ട്രീയത്തിന് വിപരീതമായി മകള്‍ പ്രവര്‍ത്തിക്കുന്നത് പണത്തിന് വേണ്ടിയാണെന്ന പേരിലായിരുന്നു ആക്ഷേപം. ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പോസ്റ്ററുകള്‍ ഉപയോഗിച്ച് എന്‍സിപി ഗ്രൂപ്പുകളില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് കൈവശമുണ്ടെന്നും പരാതിക്കാരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button