കർക്കടകമാസം അതവാ രാമായണ മാസം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽ തന്നെ ഭഗവതി മാസവുമാണ്. കർക്കടകത്തിൽ ഭവനങ്ങളിൽ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു. വീട്ടിൽ വച്ചു ചെയ്യാൻ അസൗകര്യം ഉള്ളവർക്ക് അടുത്തുള്ള ക്ഷേത്രത്തിൽ വച്ചും നടത്താം.
രാമായണമാസമായതിനാൽ രാമായണ പാരായണവും വീടുകളിലും ക്ഷേത്രങ്ങളിലും നിത്യവും തുടരുന്നു. കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കും എന്നാണ് വിശ്വാസം. കർക്കടകവാവ് പിതൃക്കൾക്ക് ബലി ഇടേണ്ട വിശേഷ ദിവസമാണ്. എല്ലാ മാസവും വാവിനു ബലി ഇടുന്നത് നല്ലതാണ്. അതു സാധിക്കാത്തവർ നിശ്ചയമായും കർക്കടകവാവ് ബലിയിടണം.
Read Also: പ്രസവിച്ച സ്ത്രീകള്‍ക്ക് കർക്കിടകത്തിൽ ഉലുവാക്കഞ്ഞി കൊടുക്കുന്നത് എന്തിന് ?
കർക്കടക കഞ്ഞി കഴിക്കുക എന്നത് ഇപ്പോള്‍ ചെറുപ്പക്കാർ പോലും ഒരു ഫാഷനാക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് ഉത്തമമാണിത്. മലയാളികൾ ആയുർവേദത്തിലെ ഔഷധക്കഞ്ഞിയിൽനിന്നു പ്രചോദനം കൊണ്ട് എടുത്ത നല്ല ശീലമാണത്. ചേനയും ചേമ്പും താളും തകരയുമൊക്കെ ഈ മാസത്തിൽ കഴിക്കുന്നത് നല്ലതാണ്. ചേമ്പിന്റെയും മറ്റും ചൊറിച്ചിൽ പോലും ഈ മാസത്തിൽ കുറയും. എന്നാൽ ഈ മാസം മുരിങ്ങയില കഴിക്കാൻ പാടില്ലെന്നും ആയുര്‍വേദം പറയുന്നു. ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്. അധികം വെയിൽ ഇല്ലാത്തതും ആവശ്യത്തിന് മഴ ലഭിക്കുന്നതുമായ ഈ കാലം പ്രകൃതി മലയാളികൾക്കായി ചിങ്ങത്തെ വരവേൽക്കാനായി കനിഞ്ഞു നൽകിയതാണ്.
Post Your Comments