ബംഗളൂരു: രണ്ടുകോടി രൂപ വിലമതിക്കുന്ന നാലു കിലോ ഹഷീഷ് ഓയിലുമായി രണ്ടു മലയാളികള്‍ ബംഗളൂരുവില്‍ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്ഫാന് (24), മലപ്പുറം സ്വദേശി താരി അസീം മുഹമ്മദ് (25) എന്നിവരാണ് ബംഗളൂരു പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിലെ ഹുളിമാവില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍.
സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന മുഹമ്മദ് ഇര്ഫാന് നേരത്തേ ബേഗൂരിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് കേരളത്തിലേക്കു പോയി ഏതാനും മാസങ്ങള്‍ക്കു മുമ്പ് അസീമിനെയും കൂട്ടി ബംഗളൂരുവില്‍ തിരിച്ചെത്തി ഹുളിമാവില്‍ താമസം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി അറസ്റ്റിലായ പ്രതി നല്കിയ വിവരത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് സൗത്ത് ഈസ്റ്റ് ഡി.സി.പി. ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. വിശാഖപട്ടണത്തുനിന്നാണ് ഇരുവരും ഹഷീഷ് ഓയില്‍ വാങ്ങിയത്.
തുടര്‍ന്ന് പ്ലാസ്റ്റിക് കൂടുകളിലാക്കി പുറത്തുതൂക്കിയിടുന്ന സഞ്ചിയില്‍ ഒളിപ്പിച്ച് ബംഗളൂരുവിലെത്തിക്കുകയായിരുന്നു. ബാഗില്‍ ഹഷീഷ് ഓയില്‍ കടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് സുദ്ദഗുണ്ടെപാളയ പൊലീസ് പറഞ്ഞു. മയക്കുമരുന്നുകള്‍ ബംഗളൂരുവിലെത്തിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് സിറ്റി പൊലീസ് കമീഷണര്‍ കമല്‍ പന്ത് ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments