തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പ്രഭാഷണവുമായി രംഗത്ത് വന്ന മതപുരോഹിതനെ യുവാവ് ട്രോളുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ച വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി എന്ന മതപ്രഭാഷകനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം സ്ത്രീവിരുദ്ധ പ്രഭാഷണം നടത്തുന്നവരെ ട്രോളി യുവാവ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന വീഡിയോ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയും പങ്കുവെച്ചിട്ടുണ്ട്.
‘ബാലരമ എന്ന പുസ്തകം നിരോധിക്കണം. ബാലരമയിൽ രാജുവും രാധയും അർദ്ധരാത്രിയിൽ കാട്ടിനുള്ളിലൂടെയെന്തിന് പോകുന്നു? കാട്ടിനുള്ളിലൂടെ പോകുമ്പോൾ രാധയെന്തിന് മായാവിയെ വിളിക്കുന്നു, മായാവി അപരിചിതനല്ലയോ ബാലരമ എന്ന പുസ്തകത്തിൽ എന്ത് വൃത്തിക്കേടാണ് എഴുതിയിരിക്കുന്നത്. ഇത് നമ്മൾ വായിക്കാൻ പാടുള്ളതല്ല’ എന്നാണ് പരിഹാസരൂപേണ യുവാവ് വീഡിയോയിൽ പറയുന്നത്. ഈ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘കുട്ടൂസനും ഡാകിനിയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. കൂടാതെ ലുട്ടാപ്പി കുന്തത്തിൽ പറക്കുമ്പോൾ താഴെയുള്ളവർക്ക് ഔറത്ത് കാണുന്നുണ്ട്. അത് നമ്മളെ വിശ്വാസത്തിന് ചേർന്നതല്ല’ എന്ന് തുടങ്ങിയ കമന്റുകളും ഉയരുന്നുണ്ട്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ് ഇസ്ലാമിക മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി പറയുന്ന വീഡിയോ അടുത്തിടെയാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. സ്ത്രീകളെയെല്ലാം അടച്ച് ആക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം. രാത്രി ഇറങ്ങി നടന്നതിനാലാണ് ഗോവിന്ദച്ചാമി സൗമ്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന ന്യായീകരണവും ഇയാൾ നടത്തിയിരുന്നു. ഇതിനെതിരെ ജസ്ല അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
Post Your Comments