തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന്റെ സാധ്യത വിലയിരുത്തി ആരോഗ്യ, വ്യവസായ വകുപ്പുകള്‍. ഇതിന്റെ ഭാഗമായി ഇന്ന് ഇരു വകുപ്പുകളും തമ്മില്‍ ചര്‍ച്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരുന്നുകളുടെ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്. കെ.എസ്.ഡി.പി.എല്‍. വഴി കൂടുതല്‍ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കാനായാല്‍ ചെലവ് കുറയുകയും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി.
മരുന്ന് നിര്‍മ്മാണത്തില്‍ വ്യവസായ വകുപ്പ് ഗൗരവമായി ചിന്തിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നത് സന്തോഷകരമായ കാര്യമാണെന്ന് പി. രാജീവ് പറഞ്ഞു. കോവിഡ് സുരക്ഷാ സാമഗ്രികള്‍ക്കൊപ്പം സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ കൂടി ഉത്പ്പാദിപ്പിക്കാന്‍ കഴിയുമോ എന്ന പഠനം വ്യവസായ വകുപ്പില്‍ നടക്കുകയാണെന്നും ഇരു വകുപ്പുകളും എല്ലാ തലങ്ങളിലും സഹകരണം ഉറപ്പുവരുത്തണമെന്നും വ്യവസായ മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments