കൊച്ചി: ഉന്നതരുടെ അറിവോടെ നടന്ന മരം കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോരെന്ന് മനസിലായെന്ന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.ബാബു എം.എൽ.എ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് മരം മുറി സംഭവത്തിൽ സർക്കാരിന്റേതെന്നും കെ. ബാബു ആരോപിച്ചു. മരം കട്ടവരെ അറസ്റ്റ് ചെയ്യാതെ ഇതു സംബന്ധിച്ച രേഖകൾ വിവരവകാശ നിയമപ്രകാരം നൽകിയ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരംമുറി സംഭവത്തിൽ വിവരാവകാശ നിയമപ്രകാരം വിവരം നൽകിയ ഉദ്യോഗസ്ഥയ്‌ക്കെതരെ നടപടി സ്വീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പൊതുസമൂഹത്തോട് പറയാൻ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തയ്യാറാകണം. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് മുറവിളികൂട്ടുന്ന മുഖ്യമന്ത്രിയ്ക്കും കൂട്ടർക്കും ഇക്കാര്യത്തിൽ അത് ബാധകമായില്ലെന്നും സത്യം പുറത്തുവന്നാൽ നാടു ഭരിക്കുന്നവർ കാട്ടു കള്ളന്മാരായി മാറുമെന്നും കെ.ബാബു ആരോപിച്ചു.
മരം മുറി കേസിന്റെ ഫയൽ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ സർക്കാർ അത് വ്യക്തമാക്കണമെന്നും കള്ളം പിടികൂടിയപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടികൾ പിൻവലിച്ച് അവർക്ക് നിഷേധിച്ച ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്നും കെ. ബാബു കൂട്ടിച്ചേർത്തു.
Post Your Comments