ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. ഇതിന്റെ ഭാഗമായി 7 ദിവസത്തെ ശരാശരി രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തായി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് നിലവില്‍ രേഖപ്പെടുത്തുന്നത്.
7 ദിവസത്തിനിടെ ഇന്ത്യയില്‍ 2.69 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്തോനേഷ്യ, ബ്രസീല്‍, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് 7 ദിവസത്തെ ശരാശരിയില്‍ ഇന്ത്യയെ മറികടന്നിരിക്കുന്നത്. ഇന്തോനേഷ്യയില്‍ കോവിഡ് വ്യാപനം ആശങ്കയായി മാറിയിരിക്കുകയാണ്. തുടക്കം മുതല്‍ ബ്രസീലില്‍ കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുകയാണ്. വാക്സിനേഷന് വേഗത്തിലാക്കിയിട്ടും രോഗവ്യാപനം തുടരുന്നതാണ് ബ്രിട്ടന് തലവേദനയാകുന്നത്.
7 ദിവസത്തിനിടെ ശരാശരി 3.24 ലക്ഷം ആളുകള്‍ക്കാണ് ഇന്തോനേഷ്യയില്‍ കോവിഡ് ബാധിച്ചത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്തോനേഷ്യയില്‍ ഉണ്ടായിരിക്കുന്നത്. ബ്രസീലില്‍ 2.87 ലക്ഷം ആളുകള്‍ക്കും ബ്രിട്ടനില്‍ 2.75 ലക്ഷം ആളുകള്‍ക്കും രോഗം ബാധിച്ചു. ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ അവലോകനം ചെയ്യുന്ന വേള്‍ഡോമീറ്ററിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
Post Your Comments