മുംബൈ: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മുക്കാൽ ലക്ഷം രൂപ. പോവായ് പോലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടർന്ന് മെസേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയിലേക്ക് സൈബർ ക്രിമിനലുകൾ മാറിയതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ജൂൺ 27നാണ് പ്രദീപ് പ്രഭാകർ എന്നയാൾക്ക് ഓൺലൈനിൽ പ്രഭാത ഭക്ഷണം ഓർഡർ ചെയ്തതിനെ തുടർന്ന് പണം നഷ്ടപ്പെട്ടത്. ഗൂഗിളിൽ കണ്ട കഫേയുടെ നമ്പറിൽ വിളിച്ച പ്രദീപിനോട് മറുവശത്ത് ഉണ്ടായിരുന്നയാൾ കോവിഡ് ആയതിനാൽ ഓൺലൈൻ പേമെന്‍റ് മാത്രമേ ഉള്ളുവെന്ന് പറഞ്ഞ് ഒരു ലിങ്ക് അയച്ചു നൽകുകയായിരുന്നു.
‘സ്പ്രിങ് എസ്.എം.എസ് എന്ന ആപ്പിന്‍റെ ഡൗൺലോഡ് ലിങ്ക് ആയിരുന്നു അത്. എസ്.എം.എസ് ഫോർവേഡിനായി ഞാൻ ഒരാളുടെയും നമ്പർ ചേർത്തില്ല. എന്നാൽ ആപ്പ് ഡൗൺലോഡായതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി സന്ദേശം വന്നു. ഉടൻ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തു’. പ്രദീപ് പറഞ്ഞു. ഫോണിൽ സംസാരിച്ചയാൾ വളരെ മാന്യമായിട്ടായിരുന്നു ഇടപെട്ടതെന്നും അതിനാൽ അത് തട്ടിപ്പാണെന്ന് മനസ്സിലായില്ലെന്നും പ്രദീപ് വ്യക്തമാക്കി. വിഷയത്തിൽ ബാങ്ക് അധികൃതർ ഒഴിവാക്കിയതിനെത്തുടർന്ന് പ്രശ്നപരിഹാരത്തിനായി അദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു.
ഒ.ടി.പി പങ്കുവെക്കരുതെന്ന നിർദ്ദേശം ഉപയോക്താക്കളുടെ മനസിൽ പതിഞ്ഞതോടെ തട്ടിപ്പുകാർ പുതിയ വഴികൾ തേടുകയാണെന്നും. എസ്.എം.എസ് ഫോർവേഡിങ് ആപ്പുകൾ വഴിയാണ് പുതിയ ചതിക്കുഴികൾ ഒരുക്കുന്നതെന്നും പ്രമുഖ സൈബർ സുരക്ഷവിദഗ്ദനായ റിതേഷ് ഭാട്ടിയ പറഞ്ഞു. എസ്.എം.എസ് ആപ്പുകൾ അവർ അറിയാതെ മൊബൈലിലും മറ്റും ഇൻസ്റ്റാൾ ചെയ്യുന്നതോടെ തട്ടിപ്പിനിരയാക്കപ്പെട്ടവരുടെ നമ്പറിലേക്ക് വരുന്ന എല്ലാ എസ്.എം.എസുകളും മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രദീപിന് പണം നഷ്ടപ്പെട്ട രീതിയെക്കുറിച്ച് പഠിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments