തിരുവനന്തപുരം: വനിതാ ശിശു വകുപ്പിനു കീഴിലുള്ള സർക്കാർ മഹിളാമന്ദിരത്തിൽ 2019 ൽ എത്തിയ സംഗീതയ്ക്ക് മാംഗല്യം. വെട്ടുകാട് സ്വദേശി ഗ്രെയ്‌സൺ സംഗീതയെ തന്റെ ജീവിതസഖിയാക്കി. വധുവിന്റെ കൈ പിടിച്ചേൽപ്പിച്ചത് മേയർ ആര്യ രാജേന്ദ്രൻ ആണ്. വരണമാല്യം എടുത്തുനൽകിയത് കൗൺസിലർ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്. മാംഗല്യവതിയാകുമ്പോഴും സംഗീതയ്ക്ക് വിഷമം സ്വന്തം മകനെ പിരിയേണ്ടി വരുന്നതിലാണ്.
ജനിച്ച കുഞ്ഞിന് കാഴ്ചയില്ലെന്ന കാരണത്താലാണ് സംഗീതയെ ആദ്യ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയത്. മകനെയും കൊണ്ട് ജീവിതം അവസാനിപ്പിക്കാനിറങ്ങിയ സംഗീതയുടെ യാത്ര അവസാനിച്ചത് കേരളത്തിൽ. മഹാരാഷ്ട്രക്കാരിയായ സംഗീതയ്ക്ക് ഭാഷപോലും അറിയുമായിരുന്നില്ല. മകന്റെ മുഖം സംഗീതയെ മരണത്തിൽ നിന്നും പിന്തിരിപ്പിച്ചു. റെയിൽവേ പൊലീസിന്റെ സഹായത്തോടെ മഹിളാ മന്ദിരത്തിലെത്തി. മകനോടൊപ്പം സംഗീത ഇവിടെയായിരുന്നു താമസം.
Also Read:കോവിഡ് കേസുകളുടെ എണ്ണം മന്ദഗതിയിലായത് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പെന്ന് കേന്ദ്രം
മഹിളാ മന്ദിരം തന്നെയാണ് സംഗീതയ്ക്ക് വിവാഹമാലോചിച്ചതും. സർക്കാർ സംരക്ഷണയിലുള്ള എട്ടു വയസ്സുള്ള മകൻ വിവാഹത്തിനു പങ്കെടുത്തില്ല. ഒരു മതത്തിന്റെയും പിൻബലമില്ലാതെയായിരുന്നു വിവാഹം. സംഗീതയുടെ കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുന്നതായി വി വി രാജേഷ് അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തിരുവനന്തപുരത്ത് മുന്നിട്ടു നില്ക്കുന്ന ‘സ്വസ്തി’ ഫൗണ്ടേഷൻ്റെ ശ്രീ എബിജോർജുമായി കുട്ടിയുടെ കാര്യം സംസാരിക്കുകയും സംഗീതയുടെ കുഞ്ഞിൻ്റെ കണ്ണിൻ്റെ കാഴ്ചശക്തിയ്ക്കുവേണ്ടിയുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തതായി വി.വി രാജേഷ് വ്യക്തമാക്കി.
Post Your Comments