തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയും സംഭവം അന്വേഷിക്കുമെന്ന് അറിയിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്. സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും.
അതേസമയം, മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്‍റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം. കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം രൂക്ഷമാവുകയാണ്. നഗരസഭയിൽ മണിക്കൂറുകളായി ബഹളം തുടരുകയാണ്.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. കത്ത് തന്റെ അറിവോടെ അല്ലെന്നും, താനല്ല എഴുതിയതെന്നുമാണ് ആര്യ നൽകിയ മറുപടി.
Post Your Comments