തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുമെങ്കിലും നാളെ ലോക്ക്ഡൗണില്ല. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലാണ് ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണു 18,19,20 തീയതികളില്‍ ഇളവു നല്‍കാന്‍ തീരുമാനിച്ചത്.
എ,ബി,സി വിഭാഗത്തിലുള്ള (ടിപിആര്‍ 15 വരെ) പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയും രാത്രി 8 വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും നേരത്തേ തന്നെ ഇളവുണ്ട്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവില്ല. പുതിയ തീരുമാനത്തോടെ കട തുറക്കല്‍ സമരത്തില്‍നിന്നു പിന്മാറുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ അറിയിച്ചു. ഇന്നും തിങ്കളാഴ്ചയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കോവിഡ് അവലോകന യോഗങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണു പ്രതീക്ഷ.
അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് കഴിയുംവിധം പിടിച്ച് നിര്‍ത്താനായെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 30 ശതമാനത്തിന് അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താനായതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments