COVID 19Latest NewsKeralaNews

മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം: സോഡയും അച്ചാറും കൂടെ നൽകാമോയെന്ന് സോഷ്യൽ മീഡിയ, എന്തൊരു കരുതലാണെന്ന് ട്രോൾ

കൊച്ചി: കോവിഡ് മഹാമാരി കാലത്ത് ഒരു സാമൂഹിക അകലവും പാലിക്കാതെ മദ്യശാലകൾക്ക് മുന്നിലുള്ള ആൾക്കൂട്ടം ഏറെ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം. സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‍ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നുമാണ് ഹൈക്കോടതിയുടെ പുതിയ നിരീക്ഷണം.

സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‍ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികളെടുത്തെന്നായിരുന്നു എക്സൈസ് കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ മറുപടി. മദ്യശാലകൾ ഉള്ള ഇടങ്ങളിൽ റോഡുകളിൽ പോലും ആൾക്കൂട്ടമാണെന്നും തിക്കും തിരക്കുമുണ്ടെന്ന് തുറന്നു സമ്മതിക്കുന്നതുമാണ് ബിവറേജസിന്റെ പ്രതികരണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം, ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ എന്നിങ്ങനെ നിരവധി നിർദേശങ്ങൾ ആണ് ബെവ്കോ മുന്നോട്ട് വെയ്ക്കുന്നത്.

Also Read:ഈദ്-ഉൽ-അദ: പശുക്കളെയും ഒട്ടകങ്ങളെയും അനധികൃതമായി അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീർ ഭരണകൂടം

ബെവ്കോ മുന്നോട്ട് വെച്ച ഈ നിർദേശങ്ങളെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. കർശന നിയന്ത്രണങ്ങളും സുരക്ഷയും കുടിവെള്ള സൗകര്യവുമൊക്കെ ഒരുക്കേണ്ടത് ശരിക്കും ആശുപത്രികൾക്ക് ചുറ്റിനുമുള്ള പരിസരത്തും അത്യാവശ്യ ഇടങ്ങളിലും അല്ലെ എന്ന ചോദ്യവും ഉയരുന്നുണ്ട്. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുക എന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണെന്നാണ് പൊതുഅഭിപ്രായം.

ബെവ്കോയുടെ പുതിയ നിർദേശങ്ങളെ പരിഹസിച്ച് ട്രോളർമാരും രംഗത്ത് വന്നിട്ടുണ്ട്. ‘ഒരു ചെറിയ പേക്കറ്റിൽ കുറച്ചു ബദാം, കുറച്ചു അണ്ടിപരിപ്പ്, കുറച്ചു അച്ചാർ, ഒരുകുപ്പി വെള്ളം ഇവ കൂടി കൊടുക്കണം’ എന്നാണ് ഒരാളുടെ കമന്റ്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനും ചിലർ മറന്നിട്ടില്ല, ‘ആകെ ഉള്ള വരുമാനം അല്ലെ? പിടിച്ചു നിൽപ്! അപ്പൊ ലേശം വികസനം ഒക്കെ ആവാം. വിവറേജ്‌ വികസനം പറഞ്ഞു അടുത്ത വട്ടം കുടിയൻ വോട്ട് പിടിക്കാല്ലൊ’ എന്നാണു ചിലരുടെ കണ്ടെത്തൽ.

Also Read:പ്രധാനമന്ത്രി ഇത്രയ്ക്ക് ക്രൂരനാകാന്‍ പാടില്ലെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക്

വാക്സിൻ എടുക്കാൻ വരുന്നവർക്കും ആശുപത്രികളിൽ ചികിത്സയ്ക്കും മറ്റുമായി വരുന്നവർക്കും ഈ പ്രത്യേക സൗകര്യങ്ങൾ ഇല്ലേയെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. ‘സർക്കാറിന് വരുമാനം തരുന്ന കള്ളുകുടിയൻമാരോട് എന്തൊരു കരുതലാണ് ഈ സർക്കാറിന്. അത് ആരും കാണാതെ പോകരുത്. വോട്ട് ചെയ്യാൻ പോയ ആളുകൾ ബൂത്തിലെ തകരാർ മുഖേന വെള്ളം കുടിക്കാൻ ബുദ്ധിമുട്ടി, അപ്പോൾ അവിടെപ്പോലും ഒരു വെള്ളത്തിൻറെ സുലഭത ചെയ്യാത്ത സർക്കാർ മദ്യപാനികളിൽ ഭൂരിപക്ഷവും പാർട്ടിപ്രവർത്തകർ ആയതുകൊണ്ടാണോ ഇത്രയും സൗകര്യമൊരുക്കുന്നത്’ എന്നാണു മറ്റൊരാളുടെ ചോദ്യം. ഏതായാലും ബെവ്കോയുടെ പുതിയ നിർദേശങ്ങൾ സോഷ്യൽ മീഡിയകളിൽ കൊണ്ടുപിടിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

നേരത്തെ, രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിൽ അഞ്ഞൂറിലധികം പേര്‍ ക്യൂ നില്‍ക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബെവ്കോയുടെ നിസ്സഹായാവസ്ഥയല്ല, ജനങ്ങളുടെ ആരോഗ്യമാണ് കോടതിയ്ക്ക് പ്രാധാന്യമെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. ഇതിനു പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങളും നിർദേശങ്ങളുമായി ബെവ്കോ രംഗപ്രവേശനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button