ന്യൂഡൽഹി: കോൺഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്ന് രാഹുൽ ഗാന്ധി. അല്ലാത്തവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ സാമൂഹിക മാദ്ധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഭയമില്ലാത്ത ഒട്ടേറെയാളുകൾ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവർ നമ്മുടെ പാർട്ടിയിലുണ്ട്. അത്തരക്കാർക്ക് ആർ.എസ്.എസ്സിലേക്ക് പോകാം. ഞങ്ങൾക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് വേണ്ടതെന്നും അതാണ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയവർക്കെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരോക്ഷ വിമർശനം. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനു പാർട്ടിയിലേക്കുള്ള ക്ഷണമാണ് രാഹുലിന്റെ പരാമർശമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോറും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Post Your Comments