കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്കും ആയിഷ സുല്‍ത്താനയ്ക്കും പിന്തുണയുമായി ലക്ഷദ്വീപ് ഐക്യദാര്‍ഢ്യസമിതി രൂപീകരിച്ചു. ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും അടങ്ങുന്ന സമിതി കൂടുതല്‍ വിപുലീകരിക്കുമെന്നും സാഹചര്യത്തിനനുസരിച്ച് ഭാവിപരിപാടികള്‍ രൂപപ്പെടുത്തുമെന്നും എളമരം കരീം എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആയിഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയ കള്ളക്കേസും ലക്ഷദ്വീപിനെ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളും പിന്‍വലിക്കണമെന്ന് സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുല്‍ത്താനയോടു സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദ്വീപുവാസികളുടെ അവകാശ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്താന്‍ കേരള ജനതയെ ഒന്നിച്ച് അണിനിരത്താന്‍ പരിശ്രമിക്കുമെന്ന് യോഗം അറിയിച്ചു.
ഐക്യദാര്‍ഢ്യസമിതി രൂപീകരണയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ വി തോമസ് അധ്യക്ഷനായി. എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എ എം ആരിഫ്, കെ സോമപ്രസാദ്, ശ്രേയാംസ് കുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ആയിഷ സുല്‍ത്താന എന്നിവര്‍ സംസാരിച്ചു. ഐക്യദാര്‍ഢ്യസമിതി ചെയര്‍മാനായി ബെന്നി ബഹനാന്‍ എംപിയെയും ജനറല്‍ കണ്‍വീനറായി എളമരം കരീം എംപിയെയും തെരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: പ്രൊഫ. കെ വി തോമസ്, ബിനോയ് വിശ്വം, ശ്രേയാംസ് കുമാര്‍, പ്രൊഫ. എം കെ സാനു, ബി ഉണ്ണിക്കൃഷ്ണന്‍, പ്രൊഫ. ചന്ദ്രദാസന്‍, സി എന്‍ മോഹനന്‍, പി രാജു, മേയര്‍ എം അനില്‍കുമാര്‍, ടി ജെ വിനോദ്, കെ എല്‍ മോഹനവര്‍മ, ഡോ. മ്യൂസ് മേരി ജോര്‍ജ്, എസ് സതീഷ്, സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ടി വി അനിത (വൈസ് പ്രസിഡന്റുമാര്‍). എ എം ആരിഫ്, കെ സോമപ്രസാദ്, വി ശിവദാസ്, ജോണ്‍ ബ്രിട്ടാസ്, എം സ്വരാജ്, അഡ്വ. മേഴ്സി, കെ എന്‍ ഗോപിനാഥ്, സിദ്ദിഖ് ബാബു, സിഐസിസി ജയചന്ദ്രന്‍, അഡ്വ. രഞ്ജിത് തമ്ബാന്‍, സലിം മടവൂര്‍, വിധു വിന്‍സെന്റ് (കണ്‍വീനര്‍മാര്‍).
Post Your Comments