ന്യൂഡല്‍ഹി : ചില സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികള്‍ കൂടുകയാണ്. സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കേരളം അടക്കമുള്ള മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ 80 ശതമാനം കോവിഡ് കേസുകളും ഈ ആറ് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും മോദി പറഞ്ഞു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്‌സിനേറ്റ് എന്ന മുദ്രവാക്യത്തില്‍ ഊന്നിയാണ് മുന്നോട്ട് പോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. മൂന്നാം തരംഗം തടയണം. അതിനായി ഗ്രാമീണമേഖലകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മൈക്രോ കണ്ടെയ്ന്‍നമെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. പരിശോധന വര്‍ധിപ്പിക്കണം. ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ്- വാക്‌സിനേറ്റ് എന്ന സമീപനത്തില്‍ ശ്രദ്ധയൂന്നി, മുന്നോട്ടുപോകുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
Post Your Comments