തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട്. സര്‍ക്കാര്‍ തീരുമാനം ശരിയായ പരിഹാരമല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. മുസ്ലീം പിന്നാക്കാവസ്ഥ സംബന്ധിച്ച് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അതു പരിഹരിക്കാന്‍ കൊണ്ടുവന്ന പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചെന്നും സത്താര്‍ ആരോപിച്ചു.
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാറും ചില ക്രൈസ്തവ സംഘടനകളും അനാവശ്യ പ്രചാരണം നടത്തി ന്യൂനപക്ഷ സ്‌കോളര്‍ഷി ചര്‍ച്ചയാക്കിയെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. മുസ്ലീംങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന പദ്ധതിയെ മറ്റുള്ളവര്‍ക്കുകൂടി വീതം വെച്ച് അട്ടിമറിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൂട്ടുനില്‍ക്കുന്നതെന്നും ഈ സമീപനം ശരിയല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.
ഏതെങ്കിലും സമുദായങ്ങള്‍ പിന്നാക്കമാണെങ്കില്‍ പഠനം നടത്തി അത് പരിഹരിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയാണ് വേണ്ടതെന്ന് പോപ്പുലര്‍ ഫ്രണ്ട് ചൂണ്ടിക്കാട്ടി. മുസ്ലീംങ്ങള്‍ക്കായി അനുവദിച്ച പദ്ധതി വെട്ടിമുറിച്ച് മറ്റുള്ളവര്‍ക്ക് വീതം വെയ്ക്കരുതെന്നും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്ലീം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ പൂര്‍ണമായും മുസ്ലീം സമുദായത്തിന് അവകാശപ്പെട്ടതാണെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.
Post Your Comments