KeralaLatest NewsNewsIndia

എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവെച്ചു, മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഏഷ്യാനെറ്റിൽ: അടിമുടി മാറ്റം

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിനു പിന്നാലെ അടിമുടി മാറ്റങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം രാജിവെച്ച് എംജി രാധാകൃഷ്ണന്‍. മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഇനി ഏഷ്യാനെറ്റ് ന്യൂസിനെ നയിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റര്‍ ആയിട്ടാണ് മനോജ് കെ ദാസ് സ്ഥാനമേല്‍ക്കുക എന്നാണ് വിവരം. മനോജ് കെ ദാസ് ഏഷ്യാനെറ്റില്‍ എത്തിയേക്കും എന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ പദവി ഒഴിയുമ്പോൾ പകരമായി എത്തുന്നത് സിന്ധു സൂര്യകുമാറാണ്. പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയി സിന്ധുവിനെ തിരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനമാണ് സിന്ധുവിനുള്ളത്. വിനു വി ജോണിന് കോ ഓര്‍ഡിനേറ്റര്‍ എഡിറ്റര്‍ പദവിയും നല്‍കുമെന്നാണ് വിവരം. രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിനു പിന്നാലെയാണ് ഈ മാറ്റങ്ങളെന്നതും ശ്രദ്ധേയം.

Also Read:‘സമ്പത്ത് കാലത്ത്’ കൈപറ്റിയത് ലക്ഷങ്ങൾ: ലെയ്‌സണ്‍ ഓഫീസര്‍ പദവിയില്‍ സമ്പത്ത് കൈപറ്റിയ തുകയെക്കുറിച്ച് വിവരാവകാശ രേഖ

മാതൃഭൂമിയിലൂടെയാണ് രാധാകൃഷ്ണന്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ മകന്‍ കൂടിയാണ് എംജിആര്‍ എന്ന് വിളിക്കപ്പെടുന്ന എംജി രാധാകൃഷ്ണന്‍. മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനും കൂടെയാണ് അദ്ദേഹം. അങ്ങനെ, ഇടതു ബന്ധങ്ങള്‍ ഏറെയുള്ള രാധാകൃഷ്ണനാണ് ഏഷ്യാനെറ്റിൽ നിന്നും ഇപ്പോൾ രാജിവെയ്ക്കുന്നത്. ഇത് ഇടത് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് സൂചന.

രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമുള്ള മനോജ് കെ ദാസിനെ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാതൃഭൂമിയിൽ നിന്നും മനോജ് കെ ദാസിന്റെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നു. മനോജ് കെ ദാസ് സംഘപരിവാര്‍ അനുകൂലിയായ മാധ്യമ പ്രവര്‍ത്തകന്‍ ആണെന്നാണ് പൊതു വിലയിരുത്തല്‍. മാതൃഭൂമിയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇതിനെ സാധൂകരിക്കുന്നതാണെന്ന വിലയിരുത്തലാണ് സോഷ്യൽ മീഡിയ നടത്തിയത്. മനോജ് കെ ദാസിന്റെ വരവ് ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും ബിജെപി പാളയത്തിലേക്ക് എത്തിക്കുമെന്ന സൂചനയും വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button