കുട്ടനാട്: പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനിത(32)യുടെ കൊലപാതകം പ്രതികളായ പ്രബീഷും രജനിയുംചേര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പേ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണു പാലക്കാട്ട് ജോലിചെയ്തിരുന്ന അനിതയെ വെള്ളിയാഴ്ച ആലപ്പുഴയിലേക്കു വിളിച്ചുവരുത്തിയതെന്നു പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ബൈക്കില്‍ പ്രബീഷ് തന്നെയാണ് ഇവരെ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചത്.
അനിതയെ കഴുത്തുഞെരിച്ചു കൊന്ന് ആറ്റില്‍ തള്ളാനായിരുന്നു പദ്ധതി. ഇതിനായി അയല്‍പക്കത്തുള്ള ബന്ധുവിന്റെ വള്ളം കരുതിക്കൂട്ടി വാങ്ങിയിരുന്നു. രണ്ടാംകൃഷിയുള്ള പാടത്തുനിന്ന് തോട്ടിലേക്ക് പമ്പിങ് നടക്കുന്നതിനാല്‍ ശക്തമായ ഒഴുക്കുണ്ട്. കിഴക്കന്‍വെള്ളത്തിന്റെ വരവുകൂടിയാകുമ്പോള്‍ മൃതദേഹം വേഗം വേമ്പനാട്ടുകായലിലേക്ക് ഒഴുകിപ്പോകുമെന്ന് പ്രതികള്‍ കണക്കൂകൂട്ടി. എന്നാല്‍, അനിതയുടെ മൃതദേഹം കയറ്റി തുഴയവേ വള്ളംമറിഞ്ഞതാണ് പ്രതികളുടെ കണക്കുകൂട്ടല്‍ തെറ്റാന്‍ കാരണം. കൊലപാതകം ആസൂത്രിതമാണെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു പോലീസ് സമര്‍ഥിച്ചത്. രജനിയുടെ വീട്ടില്‍ അനിതയെ കണ്ട അയല്‍ക്കാര്‍ രണ്ടുപേരുണ്ടായിരുന്നു. മൃതദേഹം കണ്ടശേഷം പ്രബീഷിനോടു വിവരം തിരക്കിയിരുന്നതായും പോലീസ് കോടതിയില്‍ പറഞ്ഞു. ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിടിയിലായ പ്രബീഷിനു ധാരാളം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അനിതയെയും രജനിയെയുംകൂടാതെ ഒട്ടേറെ സ്ത്രീകള്‍ ഇയാളുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ വലയിലാക്കുകയാണ് ഇയാളുടെ രീതി. വരുംദിവസങ്ങളില്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Read Also: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു
Post Your Comments