തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. സംസ്ഥാനത്ത് വ്യാപകമായി തീവ്രമഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കയത്താണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 11 സെന്റിമീറ്റര്‍. വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറയിലും എറണാകുളം ജില്ലയിലെ കീരാംപാറയിലും ഒന്‍പത് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി. കര്‍ക്കിടകത്തിന്റെ വരവോടെ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കും.
അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച വരെ അതിതീവ്ര മഴ തുടരും. ജൂലൈ 15, 16, 17,18,19 തീയതികളില്‍ ഇടിയോടുകൂടിയ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് ഈ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
വിവിധ ജില്ലകള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം :
ജൂലൈ 15ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 16ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 17ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 18ന് : ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ജൂലൈ 19ന് : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Post Your Comments