തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വിതരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ഓണ്‍ലൈന്‍ മദ്യവിതരണം ആലോചനയില്‍ പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ വില്‍പ്പനയില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മദ്യവില്‍പ്പനശാലകള്‍ക്ക് മുന്‍പിലെ ആള്‍ത്തിരക്കിനെതിരെ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കേസ് പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കോവിഡ് വ്യാപനത്തിന്റെ ഭീതി നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി നിരവധിയാളുകളാണ് മദ്യവില്‍പ്പന ശാലകളിലേയ്ക്ക് എത്തുന്നത്. മിക്കയിടങ്ങളിലും വലിയ ജനക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments