കൊച്ചി: സമൂഹത്തിലെ ആണധികാരത്തെ കുറിച്ചും സമത്വമില്ലായ്മയെ കുറിച്ചും തുറന്നുപറഞ്ഞ് നടി റിമ കല്ലിങ്കൽ. അമ്മായിയമ്മ-മരുമകള്‍ പോര്, നാത്തൂന്‍ പോര് എന്നെല്ലാം പറയുന്നതുപോലെ അമ്മായിയച്ചന്‍ – മരുമകന്‍ പോരെന്നും അളിയന്‍ പോരെന്നും നമ്മള്‍ കേള്‍ക്കുന്നില്ലല്ലോ എന്നും റിമ ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും നടി പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. റിമയുടെ വാക്കുകൾ ഇങ്ങനെ:
‘ഇവിടെ വളരെ കൃത്യമായ ഒരു പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിന്റെ ഉള്ളില്‍ സ്ത്രീകളെ സ്ത്രീകള്‍ക്ക് എതിരെ തിരിക്കാനുള്ള ശ്രമമുണ്ട്. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പറച്ചില്‍ മാത്രമാണത്. ആണധികാരത്തിന്റെ ഘടനയില്‍ മുന്നോട്ട് പോകുന്ന ഈ സിസ്റ്റത്തില്‍ പുരുഷനെ നടുക്ക് നിര്‍ത്തി അവര്‍ക്ക് ചുറ്റും സാമ്പത്തികമായി അവരെ ആശ്രയിക്കുന്ന സ്ത്രീകളെ ഉണ്ടാക്കുന്നു. സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. എങ്കില്‍ അവര്‍ ഇതില്‍ നിന്നെല്ലാം കുതറിമാറും.
Also Read:ഫുട്ബോളിൽ ഇത് അപൂർവ നേട്ടം: മൂന്ന് ഭൂഖണ്ഡങ്ങൾ കീഴടക്കി ഖത്തർ സ്‌ട്രൈക്കർ
പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്പിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും.
ഞാൻ എന്റെ അമ്മയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും പൊരിച്ച മീന്‍ കിട്ടിയിട്ടില്ല, ഈ രീതി മാറണം എന്നാണ് എനിക്ക് പറയാനുള്ളത്. പെണ്ണായതിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. സമത്വം വേണം, അത് വീട്ടില്‍ നിന്നു തന്നെ തുടങ്ങണം’- റിമ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ എല്ലാം സഹിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം കാരണം ബുദ്ധിമുട്ടുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് പറയുകയാണ് നടി. സ്ത്രീകൾക്ക് നേരെ നമ്മുടെ ചുറ്റിനുമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ എല്ലാവരും നിലകൊള്ളണം.
പതിനെട്ടോ പത്തൊന്‍മ്പതോ വയസ്സുള്ളപ്പോഴാണ് ഞാന്‍ പണം സമ്പാദിച്ച് തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത എനിക്കുണ്ടായിരുന്നു. കല്യാണവും അങ്ങനെ വേണമെന്ന് എനിക്കുണ്ടായിരുന്നു. എന്നെ ഞാനാക്കിയ എന്റെ ജീവിതവും ചിന്തകളും അനുഭവങ്ങളുമെല്ലാം അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്. ഭംഗിക്ക് വേണ്ടി കല്ല്യാണത്തിന് ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ ഭാരം കൊണ്ട് നടക്കാനാവാത്ത വിധം ആഭരണങ്ങള്‍ കുത്തിനിറക്കുന്നതിനോട് താല്‍പര്യമില്ല’- റിമ കൂട്ടിച്ചേര്‍ത്തു.
Post Your Comments