ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹക്കുറ്റമടങ്ങുന്ന 124- എ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികളിൽ മറുപടി പറയാൻ കേന്ദ്രത്തിന് സുപ്രീംകോടതി രണ്ടാഴ്ചകൂടി സമയംനൽകി. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോടും സോളിസിറ്റർ ജനറൽ തുഷാർമേത്തയോടും ഇക്കാര്യത്തിൽ മറുപടിനൽകാൻ ഏപ്രിൽ 30-ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മറുപടി ഫയൽചെയ്യാൻ രണ്ടാഴ്ചകൂടി വേണമെന്ന ഇവരുടെ അപേക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. കേസ് 27-ന് വീണ്ടും പരിഗണിക്കും.
ഭരണകൂടങ്ങൾക്കെതിരേ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമപ്രവർത്തകർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് ഐ.പി.സി. 124-എ എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രസ്തുത നിയമത്തിലെ വ്യക്തതക്കുറവ് കാരണം അത് ദുരുപയോഗം ചെയ്യാനും ഏകപക്ഷീയമായി ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ ഉൾപ്പെടെയുള്ളവരും കേസിൽ കക്ഷിചേർന്നിട്ടുണ്ട്.
മണിപ്പൂരിലെ മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖെംച, ഛത്തീസ്ഗഢിലെ കാർട്ടൂണിസ്റ്റ് കനയ്യലാൽ ശുക്ല എന്നിവരുടെ പേരിലാണ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. മണിപ്പൂർ സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിന് അവിടുത്തെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഏജന്റ് എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടതിനാണ് കിഷോർചന്ദ്ര കേസ് നേരിടുന്നത്. പോലീസിന്റെ വ്യാജ ഏറ്റുമുട്ടലുകൾ സംബന്ധിച്ച കാർട്ടൂൺ പോസ്റ്റ് ചെയ്തതാണ് കനയ്യലാലിന്റെ പേരിലുള്ള കുറ്റം.
Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം
ഐ.പി.സി. 124- എ വകുപ്പിലെ വ്യക്തതക്കുറവ് കാരണം സർക്കാരിനെ വിമർശിക്കുന്നവർക്കെതിരേ അതുപയോഗിക്കാൻ ഭരണകൂടത്തിന് സാധിക്കുന്നതായി അഡ്വ. കാളീശ്വരം രാജ് വഴി ശശികുമാർ ഫയൽചെയ്ത പരാതിയിൽ പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തടയാൻ ഒട്ടേറെ വകുപ്പുകൾ വേറെയുള്ളപ്പോൾ 124-എ അനാവശ്യമാണെന്നും അതിൽ ചൂണ്ടിക്കാട്ടി.
Post Your Comments