ആലപ്പുഴ: സംസ്ഥാനത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നാഷണല്‍ റൂറല്‍ അര്‍ബന്‍ മിഷന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
‘കോവിഡിനെതിരെ കേരളം പിടിച്ചുനിന്നതിന്റെ പ്രധാന കാരണം പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചും മികച്ച പ്രാഥമിക ചികിത്സാ സൗകര്യങ്ങളാണ് കേരളത്തിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജനകീയമായ ആരോഗ്യ സംവിധാനം കോവിഡിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു’- മന്ത്രി വ്യക്തമാക്കി
Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം
‘പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത ഒരു പഞ്ചായത്ത് പോലും കേരളത്തില്‍ ഇല്ല. സാധാരണക്കാരന് ആശ്രയമാകുന്ന ഇത്തരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഇനിയും ശക്തിപ്പെടുത്തും. വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നീക്കി വെച്ചിട്ടുള്ള തുകയില്‍ ഏറിയ പങ്കും ആരോഗ്യം മേഖലയെ ശക്തിപ്പെടുത്താനുള്ളതാണ്’- മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.
Post Your Comments