തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നത് തടയാൻ നിയമസഭയിൽ നടത്തിയ അതിക്രമത്തിനെടുത്ത കേസിൽ നൽകിയ അപ്പീൽ സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും. വ്യാഴാഴ്ച കേസ് സുപ്രീംകോടതിയിൽ വീണ്ടുമെത്തുമ്പോൾ അപ്പീൽ പിൻവലിക്കാനാണ് ആലോചന. ബജറ്റവതരണത്തിനെതിരേ അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ അതിക്രമം ക്ഷമിക്കാവുന്നതല്ലെന്നും എം.എൽ.എ.മാർ വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.
പ്രഥമദൃഷ്ട്യാതന്നെ സംഭവത്തിൽ കർശനനടപടി എടുക്കേണ്ടതാണെന്നും സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈസാഹചര്യത്തിൽ കേസ് പിൻവലിക്കാനെടുത്ത തീരുമാനം സുപ്രീംകോടതി അംഗീകരിക്കാനിടയില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
നിയമസഭയിലെ അതിക്രമത്തെയും കേസ് പിൻവലിക്കുന്നതിനെയും കുറിച്ച് സുപ്രീംകോടതി കടുത്ത പരാമർശം നടത്തിയാൽ സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. പ്രത്യേകിച്ചും കേസിലെ പ്രതിയായ വി. ശിവൻകുട്ടി നിലവിൽ മന്ത്രികൂടിയായതിനാൽ. ഇത് കൂടാതെ മാണിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാലും അത് സർക്കാരിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments