കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിനു ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചില്ലായിരുന്നുവെങ്കിൽ കവരത്തി പോലീസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തി സിനിമാ പ്രവർത്തക ഐഷ സുൽത്താന. പോലീസ് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ലക്ഷദ്വീപിലെ ജനം കോവിഡിനെ വകവയ്ക്കാതെ സമരവുമായി പുറത്തിറങ്ങുമായിരുന്നുവെന്നാണ് ഐഷ മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.
‘ഞാൻ ജാമ്യം എടുക്കാതെ പോയിരുന്നെങ്കിൽ അവർ എന്നെ ജയിലിലടയ്ക്കുമായിരുന്നു. അങ്ങനെ വന്നാൽ ലക്ഷദ്വീപിലെ ജനം കോവിഡിനെ വകവയ്ക്കാതെ സമരവുമായി പുറത്തിറങ്ങുമായിരുന്നു. അങ്ങനെ വന്നാൽ ലക്ഷദ്വീപിന്റെ വിഷയം ഒതുങ്ങിപ്പോകുകയും സമരത്തിൽനിന്നുള്ള പൊതുശ്രദ്ധ എന്നിലേക്കു തിരിയുകയും ചെയ്യും. പിന്നെ എന്നെ ദ്വീപിൽനിന്നു പുറത്താക്കാനുള്ള ദൗത്യത്തിലേക്ക് തിരിയുകയും സമരം ഒതുക്കപ്പെടുകയും ചെയ്യപ്പെട്ടേനെ. അതുകൊണ്ടാണ് മുൻകൂർ ജാമ്യം തേടിയത്. അവരെ ഭയന്നിട്ടില്ല മുൻകൂർ ജാമ്യം തേടിയത്’, ഐഷ സുൽത്താന പറയുന്നു.
ലക്ഷദ്വീപിൽ നടക്കുന്നത് വികസനമല്ല, ബിസിനസ് ആണെന്നും ഐഷ പറയുന്നു. നാട്ടുകാരെ ദ്രോഹിച്ചുകൊണ്ടു വരുന്നത് വികസനമല്ല, കച്ചവടമാണെന്ന് പറയുകയാണ് ഐഷ. ദ്വീപുകളിലേക്ക് വികസനം കൊണ്ടുവരുന്നതിന് പരിധിയുണ്ടെന്നാണ് താരം പറയുന്നത്. വൻ വികസന പദ്ധതികൾ ദ്വീപ് താങ്ങില്ല, അവിടുത്തെ ലഗൂണുകളാണ് ലക്ഷദ്വീപിനെ സംരക്ഷിച്ചു നിർത്തുന്നത്. വൻ വികസന പദ്ധതികൾ വന്നാൽ ലഗൂണുകളുടെ നാശത്തിനും പിന്നാലെ ദ്വീപിന്റെ നാശത്തിനും കാരണമാകുമെന്നാണ് ഐഷ സുൽത്താന വെളിപ്പെടുത്തുന്നത്.
വിവാദങ്ങളും കേസും നിലനിൽക്കുമ്പോഴും തന്റെ ആദ്യ ചിത്രമായ ‘ഫ്ലഷിന്റെ’ പ്രവർത്തനത്തിലാണ് ഐഷ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. ഒരു സ്ത്രീപക്ഷ സിനിമയാണ് ‘ഫ്ലഷ്’ എന്ന് ഐഷ വ്യക്തമാക്കുന്നു. ‘പൂർണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് ‘ഫ്ലഷ്’. അതിലൂടെ പെൺകുട്ടികളോട് എനിക്കൊരു സന്ദേശം പറയാനുണ്ട്. ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളോട് എനിക്കൊരു കഥ പറയാനുണ്ട്. തൊട്ടതിനും പിടിച്ചതിനും ആത്മഹത്യ ചെയ്യുന്നത് പെൺകുട്ടികൾക്കിടയിൽ ഇപ്പോൾ കൂടിയിരിക്കുകയാണ്. പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നത് എനിക്കിഷ്ടമല്ല. എല്ലാ പ്രശ്ങ്ങൾക്കും പരിഹാരമുണ്ടെന്നു ബോധിപ്പിക്കുകയാണ് ഞാൻ എന്റെ സിനിമയിലൂടെ’ – ഐഷ സുൽത്താന പറഞ്ഞു.
അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഉയർത്തിയ ‘ബയോ വെപ്പൺ’ പരാമർശത്തിന് പിന്നാലെ രാജ്യദ്രോഹകുറ്റത്തിന് ചോദ്യം ചെയ്യൽ നേരിടുകയാണ് ഐഷ സുൽത്താന. കവരത്തി പോലീസ് കഴിഞ്ഞ ദിവസം ഐഷയുടെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്തിരുന്നു. ഐഷയുടെ ഫോണും അനിയന്റെ ലാപ് ടോപ്പും പോലീസ് കൊണ്ടുപോയി. ഐഷയുടെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യും.
Post Your Comments