പാലക്കാട്: പട്ടാമ്പിയിൽ ആരംഭിക്കുന്ന റവന്യൂ ടവർ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തന കലണ്ടർ തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. ടവർ നിർമ്മാണം ആരംഭിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം പട്ടാമ്പി താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 13 നകം പദ്ധതിയുടെ ഡി.പി.ആർ സമർപ്പിക്കാൻ ഹൗസിങ് ബോർഡിനെ ചുമതലപ്പെടുത്തി.
ഓരോ രണ്ട് മാസത്തിലും മന്ത്രി ഉൾപ്പടെ പങ്കെടുക്കുന്ന പദ്ധതി അവലോകനം നടത്തും. ജില്ലാ കലക്ടർ ഏകോപന ചുമതലകൾക്ക് നേതൃത്വം നൽകും. റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിന്റെ ഇടപെടലിലൂടെയാണ് ടവർ നിർമ്മാണത്തിന് അനുവാദം ലഭിച്ചത്.
‘പട്ടാമ്പി നഗരസഭാ സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ടവർ നിർമ്മിക്കുന്നത്. കിഫ്ബി മുഖേനയാണ് നിർമ്മാണം. നിർമ്മാണ ചുമതല ഏൽപ്പിച്ച ഹൗസിങ് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അടുത്ത ആഴ്ച മണ്ണ് പരിശോധന നടക്കും. എല്ലാർക്കും ഭൂമി എല്ലാർക്കും വീട് എന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കും. സാധാരണക്കാരൻ ഭൂമിക്കായി നേരിടുന്ന ചെറിയ തടസങ്ങൾ ഒഴിവാക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ മുൻകൈ എടുക്കണം. അനർഹരുടെ കൈയ്യിൽ നിന്ന് ഭൂമി തിരിച്ചു പിടിക്കും. അഴിമതി അനുവദിക്കില്ലെന്നും റവന്യൂ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാരെ ഒഴിവാക്കുമെന്നും’ മന്ത്രി പറഞ്ഞു.
Read Also: ജയിലിൽ ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നു: പരാതിയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി
Post Your Comments