ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്‌സ് പ്രഖ്യാപിച്ചു. കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ച വിജയകരമെന്നും ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്‌സ് തെലങ്കാനയില്‍ രംഗപ്രവേശനം ചെയ്യുമെന്നും മന്ത്രി രാമറാവു ട്വിറ്ററിലൂടെ അറിയിച്ചു. ഹൈദരാബാദില്‍ നിന്നും 150 കിമീ അകലെയുള്ള വാറങ്കല്‍ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്‌ട് തുടങ്ങുക.
രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനാകുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചു. ഇന്നു രാവിലെയും തെലങ്കാന സര്‍ക്കാര്‍ പ്രതിനിധികളുമായി കിറ്റക്‌സ് സംഘം ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം ഹൈദരാബാദില്‍ നിന്നും സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്ന് കേരളത്തിലേക്ക് മടങ്ങും.
അതേസമയം, കേരളം വിട്ട് തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കിറ്റക്‌സിന്റെ ഓഹരി വിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. മണിക്കൂറുകള്‍ കൊണ്ട് 19.97 ശതമാനം വര്‍ധനയാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരിയില്‍ ഉണ്ടായത്. വെള്ളിയാഴ്ച 117 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു.
കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്. കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റക്സ് ഓഹരി വില നേരത്തെ 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു. പിടിച്ചു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചതിന് ശേഷമാണ് കേരളം വിട്ടുപോകാന്‍ താന്‍ തീരുമാനിച്ചതെന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം
Post Your Comments