തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി പൊതുപ്ലാറ്റ്‌ഫോം രൂപീകരിച്ച് കൈറ്റ്‌സ് വിക്ടേഴ്‌സ്. ഓൺലൈൻ പഠനത്തിലായി ജി സ്യൂട്ട് എന്ന പ്ലാറ്റ്‌ഫോമാണ് വിക്ടേഴ്‌സ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളെയാണ് വിക്ടേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ പൊതു ഡൊമൈനിൽ കൊണ്ടുവരുന്നത്.
സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിൽ ഇതുവരെ അധ്യാപകന് മാത്രമെ സംസാരിക്കാൻ കഴിയുമായിരുന്നുള്ളു. കുട്ടികൾക്ക് കൂടി സംശയങ്ങൾ ചോദിക്കാനും ഇടപെടാനും കഴിയുന്ന തരത്തിലുള്ള പ്ലാറ്റ്‌ഫോമാണ് ജി സ്യൂട്ട്. ഗൂഗിൾ ഇന്ത്യ സൗജന്യമായി ലഭ്യമാക്കിയ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യുന്ന ഡേറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും.
സ്വകാര്യ സംവിധാനമാണെങ്കിലും ജി സ്യൂട്ടിൽ പരസ്യങ്ങളുണ്ടാകില്ല. വീഡിയോ കോൺഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെൻറുകൾ നൽകൽ ,ക്വിസുകൾ സംഘടിപ്പിക്കൽ, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ജി സ്യൂട്ടിലുണ്ടായിരിക്കും. ഡാറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ജി സ്യൂട്ടിന്റെ സവിശേഷതയാണ്.
എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞു കയറാനും കഴിയില്ല. ലോഗിൻ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിഷയങ്ങൾ തിരിച്ചും സ്‌കൂളുകളിൽ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകൾ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് പങ്കിടാനുള്ള സൗകര്യവും ജി സ്യൂട്ടിലുണ്ടായിരിക്കും.
Post Your Comments