ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിന് ശേഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബയും ജെയ്‌ഷെ മുഹമ്മദും ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധ, ലഹരിക്കടത്ത് നടത്താന്‍ ശ്രമിക്കുന്നതായി ദില്‍ബാഗ് സിംഗ് അറിയിച്ചു. കശ്മീരില്‍ നിരന്തരമായി ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുന്നുണ്ടെന്നും എയര്‍ഫോഴ്‌സ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാനായി നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുടെ ലോഞ്ച് പാഡുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദില്‍ബാഗ് സിംഗ് അറിയിച്ചു. 300ഓളം ഭീകരരാണ് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള അവസരം കാത്തിരിക്കുന്നതെന്നും ഇതിന്റെ ഭാഗമായി കശ്മീരില്‍ നിരീക്ഷണം ശക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments