തിരുവനന്തപുരം: കൊവിഡിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ശബരിമലയില്‍ നിന്നുളള വരുമാനം കുറഞ്ഞതാണ് നിലവിലെ സാഹചര്യത്തിന് കാരണം. ശബരിമലയില്‍ നിന്നും 2019 ല്‍ 270 കോടി രൂപ വരുമാനം കിട്ടിയ സ്ഥാനത്ത് 21 കോടി രൂപ മാത്രമാണ് കഴിഞ്ഞ സീസണില്‍ ലഭിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1250 ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാന വരുമാന സ്രോതസ് ശബരിമലയാണ്.
വരുമാന നഷ്ടം കൂടി കണക്കിലെടുത്ത് കര്‍ക്കടക മാസ പൂജയ്ക്ക് കൂടുതല്‍ ഭക്തരെ അനുവദിക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. വാക്‌സിനെടുത്തവരേയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവേശിപ്പിക്കാം. വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം പതിനായിരം പേരെയെങ്കിലും ശബരിമലയില്‍ അനുവദിക്കണമെന്നും ബോര്‍ഡ് പറയുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പ്രതിമാസം ശമ്പളത്തിനും പെന്‍ഷനുമായി 40 കോടിയോളം രൂപ വേണം. അടിയന്തരസഹായമായി 100 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് കഴിഞ്ഞ മാസം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Post Your Comments