തിരുവനന്തപുരം: ബിജെപിയിൽ ഏറ്റവും ജനകീയാടിത്തറയുള്ള നേതാവ് കെ.സുരേന്ദ്രനാണെന്ന് വ്യക്തമാക്കി ജേക്കബ് തോമസ്. തോൽവിയുടെ പേരിൽ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും, വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്നും ജേക്കബ് തോമസ് പറഞ്ഞു. കേരളത്തിലെ ബിജെപിയിൽ ഇപ്പോൾ നേതൃമാറ്റം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടകര കുഴൽപ്പണകേസ് അടക്കം രാഷ്ട്രീയ പകപോക്കലാണെന്നും ബിജെപിയെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ജേക്കബ് തോമസ് ആരോപിച്ചു.
അതേസമയം, കേരളത്തിലെ ബിജെപിയുടെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോർട്ട് തേടിയിരുന്നുവെന്ന് ജേക്കബ് തോമസ് വീണ്ടും ആവർത്തിച്ചു. പുറത്തു നിന്നു കണ്ട ബിജെപിയും അകത്തു ചെന്നപ്പോഴുള്ള ബിജെപിയും ഒന്നല്ലെന്നും കേരളത്തിലെ ബിജെപിയിൽ കുറച്ച് മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഫ്ഐ സേവനമേഖലയിലേക്ക് മാറിയതുപോലെ യുവമോർച്ചയടക്കം പ്രവർത്തന ശൈലി മാറ്റണമെന്നും പ്രതിഷേധം മാത്രമല്ല സേവനത്തിലേക്ക് കൂടി കടന്നുവരണമെന്നും അദ്ദേഹം ഏഷ്യാനെറ്റിനോട് വ്യക്തമാക്കി.
Post Your Comments