കൊച്ചി: ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്ന നൊസ്ട്രാഡമസിന്റെ ‘ലെസ് പ്രോഫറ്റീസ്’ എന്ന പുസ്തകത്തില്‍ ഇന്ത്യ ലോകം ഭരിക്കുന്ന ഒരു കാലമുണ്ടെന്നാണു പറയുന്നതെന്നും അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി കാലത്തിനപ്പുറത്തുള്ള പ്രതീക്ഷയാണ് നമുക്കു വേണ്ടതെന്നും വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ മികച്ച ഭാവിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ സിഎ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങളാണ് ഉള്ളതെന്നും അതിനാൽ സ്ഥാപനങ്ങള്‍ക്ക് മികച്ച ഉപദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവനും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും അതിജീവിക്കാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധികള്‍ മനുഷ്യരെ കൂടുതല്‍ ശക്തരാക്കുമെന്നും അതുകൊണ്ടുതന്നെ ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രര്‍ക്കും അവശര്‍ക്കും സാധിക്കുന്ന സഹായങ്ങള്‍ നല്‍കണമെന്നും അത് ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് തിരിച്ചറിയണമെന്നും യൂസഫലി പറഞ്ഞു. ജീവിതവും പ്രവര്‍ത്തികളും നൈമിഷകമായതിനാല്‍ ഓരോ സമയത്തും ചെയ്യുന്നവ മാത്രമേ അവശേഷിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിനാന്‍സ് മാനേജ്മെന്റു പോലെ പ്രധാനപ്പെട്ടതാണ് സമയം മാനേജ് ചെയ്യുന്നതെന്നും വിശ്വാസ്യത, സമയനിഷ്ഠ, ആരെയും വഞ്ചിക്കാതിരിക്കുക എന്നീ ഗുണങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതുകാലത്തെയും സ്വീകരിക്കാന്‍ തയാറാവുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയുമാണ് വിജയത്തിലേക്കുള്ള മാര്‍ഗ്ഗമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments